പൂപ്പൊലിയിൽ വയനാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന പൂക്കളും പ്രദർശിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും ജില്ലാ ഭരണകൂടവും അതിനുള്ള പദ്ധതികൾക്കായി മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രണ്ടാഴ്ചയായി തുടരുന്ന പൂപ്പൊലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പൂ കൃഷി ഉപേക്ഷിച്ചവർക്ക് കൃഷിയിലേക്ക് തിരികെ വരാനുളള അവസരം ഒരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയ രീതിയിലേക്ക് കൃഷിയെ പുനസംഘടിപ്പിക്കണം. വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിൽ കൃഷി ചെയ്യാൻ കർഷകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തോട് മന്ത്രി ആവശ്യപ്പെട്ടു.

ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പുഷ്പമേളയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ഒ ആർ കേളു എം. എൽ. എ നിർവഹിച്ചു. ജനപ്രതിനിധികള്‍, സര്‍വ്വകലാശാല പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള കാര്‍ഷിക സര്‍വകലാശാലയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ചേര്‍ന്നാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി ഒരുക്കിയത്. ജനുവരി 1 മുതല്‍ തുടങ്ങിയ പുഷ്പമേളയ ആസ്വദിക്കാൻ അഞ്ച് ലക്ഷത്തോളം പേരാണ് എത്തിയത്. ഇരുപത്തിയൊന്ന് സെമിനാറുകളും, എല്ലാ ദിവസവും വൈകീട്ട് കലാസന്ധ്യയും പൂപ്പൊലിയുടെ ഭാഗമായി നടന്നു.