മകരവിളക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ കണ്‍നിറയെ തൊഴുത് മനം നിറഞ്ഞ് മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാന്‍ ഭക്തരുടെ ഇടമുറിയാത്ത പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നട അടയ്്ക്കുന്ന ജനുവരി 19 വരെ ഉണ്ടാവും.
ജനുവരി ഒന്ന് മുതല്‍ 13,96,457 പേര്‍ വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തപ്പോള്‍ മകരവിളക്ക് ദിവസം മാത്രം 89,939 പേരാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയത്. വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച്ച അര്‍ധരാത്രി വരെ 46712 ഭക്തര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കെത്തി. ശനിയാഴ്ച്ച പകല്‍ പമ്പയില്‍ നിലയുറപ്പിച്ച ഭക്തര്‍ ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച പുലര്‍ച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദര്‍ശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാന്‍ കാരണമായി.
ശനിയാഴ്ച്ച മകരസംക്രമ പൂജയും കഴിഞ്ഞ് രാത്രി നടയടക്കുമ്പോഴും ദര്‍ശനപുണ്യം കാത്തുള്ള ഭക്തരുടെ നിര വലിയ നടപ്പന്തല്‍ കഴിഞ്ഞും നീണ്ടു. ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ദര്‍ശനം നടത്തി മടങ്ങുന്നവരില്‍ അധികവും. ശനിയാഴ്ച്ച വൈകിട്ട് 6.50ന് മകരവിളക്ക് ദര്‍ശനം കഴിഞ്ഞ ഉടന്‍ സാന്നിധാനത്തു നിന്നുള്ള ഭക്തരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പെ എത്തി പര്‍ണശാലകള്‍ തീര്‍ത്ത് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരുന്ന അയ്യപ്പഭക്തരാണ് വിളക്ക് ദര്‍ശനത്തിന് ശേഷം ഉടന്‍ മലയിറങ്ങിയത്. ഭക്തരുടെ മലയിറക്കത്തെ തുടര്‍ന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്ത് പ്രത്യേക യാത്രാ ക്രമീകരണം ഒരുക്കിയിരുന്നു.
മകരവിളക്കിന് ശേഷമാണ് വീണ്ടും പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്ര അനുവദിച്ചത്. കൊവിഡിന് ശേഷമുള്ള തീര്‍ഥാടന കാലമായതിനാല്‍ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതീക്ഷിച്ചിരുന്നു. ഇതിനായുള്ള ക്രമീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്.