മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണ്ഡപത്തില്‍ കളമെഴുത്തും മാളികപ്പുറത്തു നിന്ന് പതിനെട്ടാമ്പടി വരെ വിളക്കെഴുന്നെള്ളിപ്പും നായാട്ടു വിളിയും നടന്നു. ശബരിമലയില്‍ നടക്കുന്ന അത്യപൂര്‍വമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. എരുമേലി പുന്നമ്മൂട്ടില്‍ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള അവകാശം. അയ്യപ്പന്റെ ജീവചരിത്രത്തിലെ വന്ദനം മുതല്‍ പ്രതിഷ്ഠ വരെയുള്ള 576 ശീലുകളാണ് നായാട്ട് വിളിയില്‍ ഉള്‍പ്പെടുന്നത്. പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട്തറയില്‍ നിന്നാണ് നായാട്ട് വിളിക്കുന്നത്. തെക്കോട്ട് നോക്കി നിന്നാണ് നായാട്ട് വിളിക്കുക. നായാട്ട് വിളിക്കുന്നയാള്‍ ഓരോ ശീലുകളും ചൊല്ലുമ്പോള്‍ കൂടെയുള്ളവര്‍ ആചാരവിളി മുഴക്കും. പള്ളിവേട്ടക്കുറുപ്പായ പി.ജി.മഹേഷാണ് നായാട്ട് വിളിക്കുന്നത്. വേട്ടക്കുറുപ്പ് ഉള്‍പ്പടെ 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.