– മഞ്ഞക്കൊന്ന പിഴുതുമാറ്റാന്‍ ഉടന്‍ നടപടി തുടങ്ങും

– വയനാടിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ കരട് ഈ മാസാവസാനത്തോടെ

വയനാട് ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാക്കുന്നതിനും അതിര്‍ത്തി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് പരിഗണനയിലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും സ്ഥിതിഗിതകള്‍ വിലയിരുത്തുന്നതിനുമായി കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നതാണ് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളുമെന്നതിനാല്‍ മൃഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക പതിവാണ്. 12,000 ച. കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതങ്ങളിലെ കടുവ, ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനുള്ള മാര്‍ഗങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തോടു കൂടിയേ സാധ്യമാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളുന്നത് പരിഗണനയിലാണെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

വന്യജീവികള്‍ക്ക് കാട്ടിനകത്ത് സുഭിക്ഷമായ ഭക്ഷണം ലഭിക്കുന്നതിന് ഭീഷണിയായ മഞ്ഞക്കൊന്ന പിഴുതെറിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവ ശാസ്ത്രീയമായി പിഴുതു മാറ്റുന്ന പ്രക്രിയ നാലഞ്ചു വര്‍ഷം എടുക്കുന്നതാണ്. രണ്ടാഴ്ചയ്ക്കകം ഇതിനുളള നടപടികള്‍ തുടങ്ങും. സംസ്ഥാന തലത്തില്‍ 46 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ തേക്ക്, യൂക്കാലി തുടങ്ങിയ ഏകവിള തോട്ടങ്ങള്‍ക്കു പകരം സ്വാഭാവിക വനങ്ങള്‍ വെച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.

മാസ്റ്റര്‍ പ്ലാന്‍ 31 നകം

ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാനിന്റെ കരട് ഈ മാസാവസനത്തോടെ തയ്യാറാകും. രണ്ടു മാസം മുമ്പ് സുൽത്താൻ ബത്തേരിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനമായിരുന്നു ഇത്. കരട് പ്ലാന്‍ ജനപ്രതിനിധികളുമായും വിവധ കക്ഷികളുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. ഹ്രസ്വ, ദീര്‍ഘകാലങ്ങളില്‍ ഫലപ്രദമാകുന്ന രീതികളിലുളള പദ്ധതികളാണ് കരട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ചില നടപടികള്‍ അടിയന്തരമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍.ആര്‍.ടി സംവിധാനം ശക്തിപ്പെടുത്തും

വര്‍ദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി വനം വകുപ്പിന്റെ ആര്‍.ആര്‍.ടി സംവിധാനം ശക്തിപ്പെടുത്തും. ദ്രുത കര്‍മ്മ സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നന്നതിനുളള ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭ്യമായാല്‍ വയനാടിന് മുന്തിയ പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആര്‍.ആര്‍.ടി സംഘത്തില്‍ കൂടുതല്‍ സ്ഥിരം ജീവനക്കാരെ നിയമിക്കും. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആയുധങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും. വയനാടില്‍ വകുപ്പിന് കീഴില്‍ 175 പേര്‍ക്ക് കൂടി പുതുതായി നിയമനം നല്‍കിയതായി മന്ത്രി പറഞ്ഞു.

നഷ്ട പരിഹാരം വേഗത്തില്‍ നല്‍കും

വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ടുളള കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മാനന്തവാടി കുറുക്കന്‍ മൂലയിലുണ്ടായ വന്യജീവി ആക്രമണ ത്തില്‍ വളര്‍ത്ത്മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുകകള്‍ കൈമാറിയത്. നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ നിര്‍ദ്ദേശം അനുഭാവത്തോടെ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി പിടിക്കുന്ന കടുവകളെ നിലവിലെ പരിചരണ കേന്ദ്രത്തിൽ പരിപാലിക്കാൻ അസൗകര്യമുണ്ടെങ്കിൽ മെരുങ്ങിയ കടുവകളെ പറമ്പിക്കുളം, പെരിയാർ സങ്കേതങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും. കുരങ്ങന്മാരുമായി ബന്ധപ്പെട്ട് വന്ധ്യംകരണം നടത്തുന്നതിന് കൽപ്പറ്റയിലുള്ള വെറ്ററിനറി ആശുപത്രി പ്രവർത്തന സജ്ജമാക്കും. വെറ്ററിനറി സർവകലാശാലയുമായി ആലോചിച്ച് ഇതിനായി പദ്ധതി തയ്യാറാക്കും.

യോഗത്തില്‍ എം.എല്‍.എ മാരായ ടി. സിദ്ധീഖ്, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, പി.സി.സി.എഫ് (പ്ലാനിംഗ് ) ഡി. ജയപ്രസാദ്, സി.സി.എഫ് (വൈല്‍ഡ് ലൈഫ് ) പി. മുഹമ്മദ് ഷബാബ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.എസ്. ദീപ, നഗരസഭ അധ്യക്ഷന്‍മാരായ കേയംതൊടി മുജീബ്, ടി.കെ. രമേശ്, സി.കെ. രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ജസ്റ്റിന്‍ ബേബി, സി. അസൈനാര്‍, എ.ഡി.എം എന്‍. ഐ. ഷാജു, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, ഡി.എഫ്.ഒ മാരായ മാര്‍ട്ടിന്‍ ലോവല്‍, എ. ഷജ്‌ന, കെ. സുനില്‍കുമാര്‍, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജേഷ് മോഹന്‍ദാസ്, എ.സി.എഫ്മാരായ ജോസ് മാത്യൂ, ഹരിലാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.