തിരുവനന്തപുരം ജില്ലയില്‍ കാപ്പ കേസുകളിലെ കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെയധികം കൂടിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ജില്ലാ കളക്ടറായി ചാര്‍ജ്ജ് എടുത്ത ശേഷം പോലീസില്‍ നിന്ന് ലഭ്യമായതില്‍ 50 ശതമാനത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളിലും കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍പ് ഇത് 15 ശതമാനമായിരുന്നുവെന്നും കളക്ടര്‍ അറിയിച്ചു. ഗൗരവ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയെല്ലാം കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ മുപ്പതോളം ഗുണ്ടകള്‍ ജയിലില്‍ കഴിയുന്നു. ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ കേസുകളും ഉപദേശക സമിതി ശരിവച്ചിട്ടുണ്ട്. ബാക്കി ഗൗരവ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേയും ഒരളവുവരെ നിരപരാധികളായ, കുറ്റകൃത്യങ്ങളില്‍ പെട്ടുപോയവരേയും ഒഴിവാക്കുകയും അത്തരം റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സാമൂഹ്യക്രമത്തിന് പ്രശ്‌നം സ്യഷ്ടിക്കുന്നില്ലെന്ന് കണ്ട് നിരപരാധികളാക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശം സംരക്ഷിക്കേണ്ട അതോറിറ്റി എന്ന നിലയില്‍, പോലീസ് ശുപാര്‍ശ ചെയ്യുന്ന എല്ലാവരേയും ക്രമസമാധാന പാലനത്തിന് പ്രയാസം സൃഷ്ടിക്കുന്നവരേയും കരുതല്‍ തടങ്കല്‍ പോലെ ഗൗരവതരമായ നടപടിയില്‍പ്പെടുത്താനാവില്ല. അതിനാലാണ് ഇത്തരം കേസുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു.