ആറു മാസത്തിനകം സമഗ്രമായ നഗരവികസനനയം കേരളത്തിലുണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് കോർപറേഷന്റെ വജ്രജൂബിലി ആഘോഷം ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആഘോഷങ്ങൾക്കൊപ്പം പുതിയ ചുവടുവെയ്പു കൂടിയാകണം വജ്രജൂബിലി ആഘോഷം. നഗരത്തിന്റെ മുഖഛായ മാറുന്ന തരത്തിൽ ജനകീയമായ ആഘോഷമായി ഇത് മാറണമെന്നും മന്ത്രി പറഞ്ഞു. വജ്രജൂബിലി ആഘോഷം സമാപിക്കുമ്പോഴേക്കും സമ്പൂർണ്ണ മാലിന്യമുക്ത നഗരമായി കോഴിക്കോട് മാറണമെന്നും മാലിന്യ സംസ്കരണത്തോടൊപ്പം നഗര സൗന്ദര്യവത്കരണവും സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു.

പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, മുൻ എം.എൽ.എ എ പ്രദീപ്കുമാർ, മുൻ മേയർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു.