ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. പനമരം ഗവ.ഹൈസ്‌ക്കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള വിരഗുളികയുടെ വിതരണവും പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്‍ ഷീജ, ഡോ. പി.രഞ്ജിത്ത്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് പി. രുഗ്മിണി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ.എം. ഷാജി, കെ.കെ ചന്ദ്രശേഖരന്‍, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ടി. യു മൂസക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി 1 മുതല്‍ 19 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കി. ജില്ലയില്‍ 216101 പേര്‍ക്കാണ് സ്‌കൂളുകള്‍, അംഗണവാടികള്‍ എന്നിവ വഴി ഗുളികകള്‍ നല്‍കിയത്. ഏതെങ്കിലും കാരണവശാല്‍ വിരഗുളിക ലഭ്യമാകാത്തവര്‍ക്ക് സമ്പൂര്‍ണ്ണ വിരവിമുക്ത ദിനമായ ജനുവരി 24 ന് ഗുളികകള്‍ ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ രാജീവന്‍ അറിയിച്ചു. 1 വയസ്സ് മുതല്‍ 2 വയസ്സു വരെയുള്ള കുട്ടികള്‍ക്കു അര ഗുളികയും 2 മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചു കൊടുക്കണം. 3 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ചാണ് കഴിക്കേണ്ടത്.

കുട്ടികളില്‍ 65 ശതമാനം പേര്‍ക്കും വിരബാധയുള്ളതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വിളര്‍ച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛര്‍ദ്ദിയും വയറിളക്കവും, മലത്തില്‍കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍. മണ്ണില്‍കൂടി പകരുന്ന വിരകള്‍ മനുഷ്യന്റെ ആമാശയത്തില്‍ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്തു വളരുകയും പൊതുസ്ഥലത്തു മലവിസര്‍ജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകള്‍ മണ്ണിലും ജലത്തിലും കലരാന്‍ ഇടവരികയും ചെയ്യുന്നു. പച്ചക്കറികളും പഴവര്‍ഗങ്ങളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകള്‍ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകര്‍ച്ച ഉണ്ടാകാം. ആറുമാസത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് വിരയിളക്കല്‍ നടത്തിയാല്‍ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും സാധിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.