‘കടവുള്‍ പുണ്യത്തില്‍ ഉടമ്പില് ഉയിരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യര്‍ത്ക്ക് നാന്‍ വരുവേന്‍ സ്വാമി. അത് താന്‍ ഏന്‍ ലച്ചിയമേ’. ശബരിമല സന്നിധാനം വിശുദ്ധിയായി സൂക്ഷിക്കാന്‍ രാപകലില്ലാതെ സേവനം ചെയ്യുന്ന വിശുദ്ധി സേനയിലെ ഒരു അംഗമായ 62 വയസ്സുകാരന്‍ തമിഴ്നാട് സ്വദേശി രാമസ്വാമിയുടെ വാക്കുകള്‍. ഇരുപതിലധികം വര്‍ഷങ്ങളായി രാമസ്വാമി ശബരിമലയില്‍ എത്തുന്നുണ്ട്. അയ്യന്റെ പൂങ്കാവനം വിശുദ്ധമാക്കാന്‍. ഒരു തവണ പോലും രാമസ്വാമി തന്റെ വരവ് മുടക്കിയിട്ടില്ല. മണ്ഡലകാലത്തും മാസ പൂജയ്ക്കും അദ്ദേഹം സന്നിധാനത്തുണ്ടാവും. വര്‍ഷങ്ങളായുള്ള പൂങ്കാവനം ശുചീകരണ വേളയില്‍ അസുഖങ്ങളോ, ദേഹാസ്വാസ്ഥ്യങ്ങളോ, ക്ഷീണമോ ഉണ്ടായിട്ടില്ലെന്ന് രാമസ്വാമി. അയ്യപ്പനോടുള്ള അടങ്ങാത്ത ഭക്തി കൊണ്ടാണ് മക്കള്‍ക്കും അയ്യപ്പന്റെ പേരുകള്‍ നല്‍കിയതെന്ന് രാമസ്വാമി പറയുന്നു.

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ശബരിമലയിലുണ്ടായ വളര്‍ച്ച അത്ഭുതകരമാണെന്ന് നിശ്ശബ്ദനായ ആ കാഴ്ചക്കാരന്‍. ‘പൂങ്കാവനം ശുചീകരിക്കാന്‍ ലഭിക്കുന്ന അവസരം വലിയ ഭാഗ്യമാണ്. സന്നിധാനത്ത് ഏതുതരം ശുചീകരണ പ്രവര്‍ത്തനം ചെയ്യുന്നതിനും ഒരു മടിയുമില്ല’-രാമസ്വാമി പറഞ്ഞു. സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയാലും എപ്പോഴും ആ പ്രാര്‍ഥന പെട്ടെന്ന് അടുത്ത മാസ പൂജ സമയമാകണമെന്നാണ്. അയ്യനെക്കണ്ട് തൊഴുത് വീണ്ടും ശുചീകരണ പ്രവര്‍ത്തനം തുടങ്ങാന്‍. സേലം അത്തൂര്‍ സ്വദേശിയായ രാമസ്വാമിക്ക് നാട്ടില്‍ കൃഷിയാണ് തൊഴില്‍. ഭാര്യ ശക്തി. മക്കളായ മണി കണ്ഠന്‍, ചിന്നമണി എന്നിവരും നാട്ടില്‍ കൃഷിക്കാരാണ്.

ശബരിമലയിലെ വലിയ നടപ്പന്തലിലും, പമ്പയിലും, മരക്കൂട്ടത്തും അപ്പാച്ചി മേട്ടിലും, സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ വിശുദ്ധിസേന നിസ്വാര്‍ഥമായ സേവനമാണ് നടത്തുന്നത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. ഈ വര്‍ഷം 1000 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.