* ഡെന്റൽ കൗൺസിലിന്റെ ആജീവനാന്ത പുരസ്‌കാര ദാനവും, ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് പ്രകാശനവും
കേരള ഡെന്റൽ കൗൺസിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റിലെ ആശയങ്ങൾ ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദന്ത ചികിത്സാ മേഖലയിൽ വലിയൊരു മുന്നേറ്റം ഈ കാലയളവിൽ ഉണ്ടാക്കുവാൻ ആയിട്ടുണ്ടെങ്കിലും, ഈ മേഖലയ്ക്ക് കൂടുതൽ പ്രചാരണവും ഔന്നത്യവും നൽകുവാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ദന്ത ചികിത്സാ മേഖലയുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കേരള ഡെന്റൽ കൗൺസിലിന്റെ ആജീവനാന്ത പുരസ്‌കാര ദാനവും, ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദന്ത ചികിത്സകൾ വിദേശത്ത് ചിലവേറിയതായതിനാൽ വിദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ നമ്മുടെ നാട്ടിൽ വന്ന് മികച്ച നിലവാരമുള്ള ദന്തചികിത്സ ചെയ്തുപോകുന്ന സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യം എങ്ങനെ ദന്ത ചികിത്സാ മേഖലയ്ക്കും, പൊതുജന ആരോഗ്യ മേഖലയ്ക്കും, സംസ്ഥാനത്തിനും ഗുണകരമായി ഉപയോഗിക്കാനാവും എന്ന് ചർച്ച ചെയ്തിരുന്നു. ഇതിനുള്ള തുടർ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയിൽ ദന്ത ഡോക്ടർമാർക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2020 വർഷത്തെ ആജീവനാന്ത പുരസ്‌കാരം ഡോ. ബാബു മാത്യുവിനും, 2021 വർഷത്തെ ആജീവനാന്ത പുരസ്‌കാരം ഡോ.കെ. ജോർജ് വർഗീസിനും മന്ത്രി സമ്മാനിച്ചു. ദന്ത ചികിത്സാ മേഖലയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഇരുവരെയും ആജീവനാന്ത പുരസ്‌കാരത്തിന് കൗൺസിൽ തെരഞ്ഞെടുത്തത്.
കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. കേരള ഡെന്റൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. ആർ. അരുൺ സ്വാഗതമാശംസിച്ച ചടങ്ങിൽ കേരള ഡെന്റൽ കൗൺസിൽ മെമ്പർമാരായ ഡോ. ഷിബു രാജഗോപാൽ, ഡോ. ആന്റണി തോമസ്, ഡോ. സുമോദ് മാത്യു, ഡോ. സാബു. ജെ. കുര്യൻ, മുൻ കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. ഷാജി. കെ. ജോസഫ്, ജോയിന്റ് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഡോ. അനീറ്റ ബാലൻ, തിരുവനന്തപുരം ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ടി ബീന എന്നിവർ ആശംസ നേർന്നു. കേരള ദന്തൽ കൗൺസിൽ മെമ്പർ ഡോ. ടെറി തോമസ് ഇടത്തൊട്ടി നന്ദി പറഞ്ഞു.