വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലോത്സവമായ വർണച്ചിറകുകൾ സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് ജനുവരി 20 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. രാവിലെ ഒമ്പതിന് മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ 3 ദിവസങ്ങളിലായി നടക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റിൽ വിവിധ ഇനങ്ങളിലായി 1500ലധികം കുട്ടികൾ പങ്കെടുക്കും. സംസ്ഥാനത്തെ 16 ഗവ. ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എൻ.ജി.ഒ. ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 22 ഇനങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടത്തും.

ഫെസ്റ്റിനോടനുബന്ധിച്ച് മാജിക് ഷോ, മ്യൂസിക് ഷോ, ഫ്‌ളാഷ് മോബ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി മാൾ ഗെയിംസ്, സൂംബ, കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനം, ഫൈൻ ആർട്‌സ്, ബലൂൺ ആർട്ട്, മാജിക് പ്ലാനറ്റ് സ്റ്റാൾ, എയ്‌റോബിക്‌സ്, ആക്യുബിറ്റ്‌സ്, റോബോട്ടിക്‌സ്, അസാപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.