ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയാണ് കുമ്പളങ്ങി പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾ. ഓരോ മാസവും 4500 കിലോഗ്രാമിലധികം അജൈവ മാലിന്യങ്ങളാണ് ഹരിത കർമ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്.

പഞ്ചായത്തിലെ 13 വാർഡുകളിലായി 26 പേരാണ് പഞ്ചായത്തിൽ ഹരിത കർമ സേനയിൽ പ്രവർത്തിക്കുന്നത്. ഇവരാണ് പഞ്ചായത്തിലെ മാലിന്യ നിർമാർജനത്തിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (മിനി എം.സി.എഫ്) എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ മാലിന്യങ്ങൾ തരം തിരിച്ച ശേഷമാണ് ഇവിടെ നിന്ന് സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. കൈമാറുന്ന മാലിന്യങ്ങൾ വഴി ലഭിക്കുന്ന തുക ഹരിത കർമ സേനാംഗങ്ങൾക്ക് കൈമാറും.

2020 ലാണ് പഞ്ചായത്തിൽ ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ആവശ്യമായ സഹായങ്ങളും പിന്തുണയും സൗകര്യങ്ങളും ഒരുക്കി സേനക്കൊപ്പം തന്നെയാണ് പഞ്ചായത്ത് ഭരണ സമിതിയും ജനപ്രതിനിധികളും.

അജൈവ മാലിന്യ സംസ്കരണം സുതാര്യമാക്കുന്നതിനായി ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി കെൽട്രോണുമായി സഹകരിച്ച് നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷന്റെ എൻറോൾമെന്റ് നടപടികൾ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള വാർഡുകളിൽ സ്മാർട്ട്‌ ഗാർബേജ് ആപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി ബയോ ബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്.