ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ എറണാകുളം ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സബ് സെന്ററുകളിലെ എം.എൽ.എസ്.പി (മിഡ് ലെവൽ സർവീസ് പ്രൊവൈഡർ) നഴ്സുമാരുടെ അവലോകന യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി ഉദ്ഘാടനം ചെയ്തു.

സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി മാറ്റുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഇതോടനുബന്ധിച്ച് ഫീൽഡ് തലത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. വിവിധ സബ്സെന്ററുകളിൽ നിന്നായി 330 നഴ്സുമാർ പങ്കെടുത്തു

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സവിത, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. സി. രോഹിണി, ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ജൂനിയർ കൺസൽട്ടന്റ് ഡോ. അഖിൽ മാനുവൽ, ഇ സഞ്ജീവനി നോഡൽ ഓഫീസർ ഡോ. പ്രശാന്ത് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.