36 ലക്ഷം രൂപയുടെ നവീകരണം

തൃശ്ശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഴാനി ഡാം ഗാർഡനിൽ കുട്ടികളുടെ പാർക്ക് നവീകരിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 36 ലക്ഷം രൂപ വിനിയോഗിച്ചാണ് കുട്ടികളുടെ പാർക്ക് നവീകരിക്കുന്നത്. പുതിയ കളിയുപകരണങ്ങൾ സ്ഥാപിച്ച് പാർക്ക് ആകർഷകമാക്കും. കോവിഡ് പ്രതിസന്ധി ഘട്ടത്തിലെ അടച്ചുപൂട്ടലിന് ശേഷം വാഴാനി വിനോദ സഞ്ചാരകേന്ദ്രം ഉണർവിൻ്റെ പാതയിലാണെന്ന് സേവ്യർ ചിറ്റിലപ്പിളളി എം എൽ എ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി വാഴാനി ഫെസ്റ്റ് വിപുലമായി സംഘടിപ്പിച്ചു. ഈ സീസണിൽ പ്രത്യേക കെഎസ്ആർടിസി ബസ് സർവീസ് ഏർപ്പെടുത്താനായി. തൂക്കുപാലം അറ്റകുറ്റപ്പണികൾ നടത്തി തുറന്നുകൊടുത്തു.

ലൈബ്രറി കം കൾച്ചറൽ സെൻ്ററിൻ്റെ നടത്തിപ്പവകാശം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നു. വാഴാനി ഡാം കൺവെൻഷൻ സെൻ്റർ നിർമ്മാണം തടസങ്ങൾ നീക്കാനുള്ള പരിശ്രമത്തിലാണ്. മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ഇടപെടലുകൾ നടത്തിവരികയാണ്. പദ്ധതിയുടെ പുതിയ ഡി പി ആർ സമർപ്പിച്ചിട്ടുണ്ട്. ഈ ശ്രമങ്ങളോടൊപ്പം കുട്ടികളുടെ പാർക്ക് സമയബന്ധിതമായി നവീകരിക്കുന്നതോടെ കുടുംബമായി സന്ദർശിക്കുവാനും സമയം ചെലവഴിക്കാനും കഴിയുന്ന മികച്ച വിനോദ സഞ്ചാരകേന്ദ്രമായി വാഴാനി ഡാം ഗാർഡൻ മാറും. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (SILK) നിർവ്വഹണ ചുമതല. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുന്ന കാര്യം ഉറപ്പുവരുത്തുമെന്ന് എം എൽ എ പറഞ്ഞു. വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങൾ ആകർഷകമായ രീതിയിൽ വികസിപ്പിക്കുക എന്ന ലക്ഷ്യം നടപ്പിലാക്കി വരികയാണെന്ന് എം എൽ എ പറഞ്ഞു.

ചടങ്ങിൽ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ ഉമാലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി സി സജീന്ദ്രൻ, സബിത സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി ജേക്കബ്ബ്, എ ആർ കൃഷ്ണൻകുട്ടി, കെ രാമചന്ദ്രൻ, ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻ്റ് എൻജിനീയർ അഞ്ജന പി പി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സിൽക്ക് സീനിയർ മാനേജർ എം പി അബ്ദുൾ കരീം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ജോബി ജോർജ്ജ് സ്വാഗതവും ജനറൽ മാനേജർ രവി ചന്ദ്രൻ നന്ദിയും പറഞ്ഞു.