വിദ്യാലയങ്ങളിൽ മതനിരപേക്ഷമായ വിദ്യാഭ്യാസാന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ ആലുവ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ എലൈവ് കരിയർ വണ്ടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.  മതേതരത്വം മതവിരുദ്ധമല്ല.  എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കുന്ന അന്തരീക്ഷം വിദ്യാലയങ്ങളിൽ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങളും, കലാലയങ്ങളും കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവർത്തനം കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് ലഹരിക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അധ്യാപകരും, രക്ഷകർത്താക്കളും ഇതിന്‍റെ ഭാഗമാകണം. കുട്ടികൾ ലഹരിയിലേക്ക് അടുക്കുന്നത് തടയാൻ പ്രതിരോധം തീർക്കുന്നതിനൊപ്പം തന്നെ ലഹരിക്ക് കീഴ്പെട്ട കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരുന്നതിനും പ്രാധാന്യം നൽകണം. വിദ്യാർത്ഥികൾക്ക് വായന ലഹരിയാകണം. അറിവും വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും വായനയിലൂടെ കൈവരിക്കാൻ സാധിക്കും.

വിദ്യാർഥികൾ അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഠിനമായി പ്രവർത്തിക്കണം. വിദ്യാർഥികൾക്ക് ശരിയായ ദിശ ഒരുക്കാനും, മാർഗ്ഗനിർദ്ദേശം നൽകാനും ജനപ്രതിനിധികൾക്ക് ഉത്തരവാദിത്തമുണ്ട്. അൻവർ സാദത്ത് എം.എൽ.എ ആലുവ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന എലൈവ് പദ്ധതി മാതൃകാപരവും അഭിനന്ദനാർഹവുമാണ്. ഉന്നത വിദ്യാഭ്യാസത്തിന് ദിശ ഒരുക്കുന്നതിനൊപ്പം വിദ്യാർത്ഥികളെ അഭിമുഖത്തിനും, ഗ്രൂപ്പ് ഡിസ്കഷനും പ്രാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും ഉണ്ടാകണമെന്ന് സ്പീക്കർ പറഞ്ഞു.

കേന്ദ്ര യുവജന  കായിക മന്ത്രാലയത്തിന് കീഴിലുള്ള ശ്രീ പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്‍റിലെ പൂർവ്വ വിദ്യാർത്ഥികളുടെ സോഷ്യൽ എഞ്ചിനീയറിംഗ് ടീമായ വൈബ്രന്റ് കമ്യൂണിറ്റി ആക്ഷൻ നെറ്റ്‌വർക്കിന്റെ (വിക്യാൻ ) സഹകരണത്തോടെയാണ് എലൈവ് പദ്ധതി രൂപീകരിച്ചത്. പദ്ധതിയുടെ ഭാഗമായി വളർന്നുവരുന്ന തലമുറയ്ക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് ഭാവി തിരഞ്ഞെടുക്കാൻ കഴിയുക എന്ന ലക്ഷ്യത്തോടെ കരിയർ മേഖലയിലെ വിദഗ്ധരായ അധ്യാപകർ ആലുവ മണ്ഡലത്തിലെ 74 സ്കൂളുകൾ സന്ദർശിച്ച് ഉപരിപഠന സാധ്യതകളെക്കുറിച്ച് ക്ലാസുകൾ നൽകി. വിദ്യാർത്ഥികളെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഉപരിപഠനത്തിന് എത്തിക്കാൻ ദിശയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എലൈവ് കരിയർ വണ്ടി പദ്ധതി നടപ്പിലാക്കിയത്

ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് മുഖ്യാതിഥിയായി. സ്പീക്കർ എ. എൻ ഷംസീറും, സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബും, അൻവർ സാദത്ത് എം.എൽ.എയും കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ വി ക്യാൻ ഭാരവാഹികളെയും, എലൈവ് റിസോഴ്സ് പേഴ്സൺമാരെയും സ്പീക്കറുടെ നേതൃത്വത്തിൽ ആദരിച്ചു.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജെ.ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഗോപി, ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല മജീദ്, റജീന നാസർ, നൗഷാദ് പാറപ്പുറം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി. ജി. അലക്സാണ്ടർ, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ സനൂജ.എ.ഷംസു തുടങ്ങിയവർ പങ്കെടുത്തു