കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്കുകളും ബെഞ്ചുകളും വിതരണം ചെയ്തു. ‘ഒന്നാം ക്ലാസ് ഒന്നാം തരം’ എന്ന ലക്ഷ്യത്തോടെ ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (2020-25 ) ഭാഗമായാണ് പഞ്ചായത്തിലെ മുഴുവൻ സർക്കാർ എൽ പി -യുപി സ്കൂളുകളിലും ഡ്യുവൽ ഡെസ്ക് -ബെഞ്ചുകൾ നൽകിയത്. 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്.

പന്നിക്കോട് ഗവ. എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. മുക്കം എ ഇ ഒ ഓംകാരനാഥൻ മുഖ്യാതിഥിയായി. നിർവ്വഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ പദ്ധതി വിശദീകരിച്ചു.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, പഞ്ചായത്തംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.