കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2022 -2023 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പ്ലാനിംഗ് കമ്മിറ്റി സെക്രട്ടറിയേറ്റ് ഹാളില്‍ ചേര്‍ന്നു. അഡ്വ.കെ.എം.സച്ചിന്‍ ദേവ് എം.എൽ.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം 25 വര്‍ഷം പിന്നിടുമ്പോള്‍ നിരവധി നേട്ടങ്ങളാണ് കേരളം കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ‘വണ്‍ വര്‍ക്കിംഗ് ഗ്രൂപ്പ് വണ്‍ ഐഡിയ’ എന്ന തരത്തിലാണ് വികസന സെമിനാറില്‍ ആശയ രൂപീകരണം നടത്തിയത്.

ജില്ലാ പഞ്ചായത്തിന്റെ തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഫാമുകളില്‍ നൂതന കൃഷി സംവിധാനം നടപ്പില്‍ വരുത്തും. ജില്ലാ പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും ഫയലുകളുടെ നീക്കം ഓണ്‍ലൈന്‍ ആക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. ഫാം ടൂറിസം വിപുലീകരണം, കൃഷിയിടങ്ങളില്‍ സമഗ്ര മെക്കനൈസേഷന്‍ പദ്ധതി, കര്‍ഷക കൂട്ടായ്മയിലൂടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭം ആരംഭിക്കല്‍, ജില്ലയെ തരിശു രഹിതമാക്കല്‍ എന്നിവ നടപ്പിലാക്കും. മൂന്ന് പഞ്ചായത്തുകളില്‍ പുതിയ എബിസി സെന്റര്‍, സെന്‍സറി പാര്‍ക്ക്, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പുനരധിവാസത്തിനുമായി പ്രത്യേക പദ്ധതി എന്നിവയും ആവിഷ്‌കരിക്കും.

ജെന്റര്‍ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി ജെന്റര്‍ സ്റ്റഡി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ആദ്യത്തെ ജില്ലാ പഞ്ചായത്താകാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മുപ്പത് അംഗ അക്കാദമിക് പഠന സംഘവും ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ സംവിധാനവും നിലവില്‍ വരുത്തുന്ന പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. വയോജന നയത്തിന്റെ ഭാഗമായി ജെറിയാട്രിക് വാര്‍ഡുകള്‍ പൂര്‍ത്തികരിക്കും. മാനസിക രോഗ മുക്തരായവര്‍ക്ക് പുനരധിവാസം, ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ എ എസ്, ഐ പി എസ് ഉള്‍പ്പെടെ ഉള്ള സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കല്‍, ജില്ലയെ സമഗ്ര കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനുള്ള പദ്ധതി. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍, ജൈവ വൈവിദ്ധ്യ രജിസ്റ്റര്‍ ജില്ലാ തലത്തില്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ എന്നിവ സെമിനാറിലെ പ്രധാന നിര്‍ദ്ദേശങ്ങളായിരുന്നു.

വര്‍ക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയുടെ ക്രോഡീകരണം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി.ജമീല കരട് വികസന രേഖ അവതരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ കെ.വി റീന, എന്‍.എം.വിമല, പി.സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ പി ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.ജി.ജോര്‍ജ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.