രായമംഗലം ഗ്രാമപഞ്ചായത്തിലെ 35 ഏക്കര്‍ തരിശുപാടത്തില്‍ നൂറുമേനി വിളവ്. പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ കോണിക്കമാലി പാടശേഖരത്തിലും 14-ാം വാര്‍ഡിലെ ഏച്ചിലക്കോട് പടശേഖരത്തിലുമായി തരിശായി കിടന്ന നിലത്താണ് മികച്ച വിളവ് ലഭിച്ചത്. പാനേക്കാവ് ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച കൊയ്ത്തുത്സവം എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കൃഷി വകുപ്പും പഞ്ചായത്തും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. കൃഷിക്കാവശ്യമായ വിത്തും വളവും ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് ലഭ്യമാക്കി. കൂലി ചെലവ് ഇനത്തില്‍ ഹെക്ടറിന് 40,000 രൂപ വീതം നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക മുരളീധരന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിജു കുര്യാക്കോസ്, സ്മിത അനില്‍ കുമാര്‍, വാര്‍ഡ് അംഗങ്ങളായ ജോയ് പൂണേലി, ടിന്‍സി ബാബു, പെരുമ്പാവൂര്‍ നഗരസഭാ കൗണ്‍സിലര്‍ രൂപേഷ്, കീഴില്ലം സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍.എം രാമചന്ദ്രന്‍, കൃഷി ഓഫീസര്‍ സ്മിനി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.