ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വീട് പണിയുന്നതിന് കരാർ നൽകി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടന്ന ലൈഫ് മിഷൻ രണ്ടാംഘട്ട ഗുണഭോക്തൃ സംഗമത്തിലാണ് ഈ സാമ്പത്തിക വർഷം 88 ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിന് കരാറായത്. ഗുണഭോക്തൃ സംഗമം അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വർഷത്തിൽ ഇത്രയും വീടുകൾ പണി തുടങ്ങുന്നതിനു വേണ്ടി കരാർ വയ്ക്കുന്നത്. അങ്കമാലി ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പേർക്ക് വീട് നിർമ്മിക്കുന്നതിന് കരാർ നൽകുന്ന പഞ്ചായത്താണ് അയ്യമ്പുഴ.

ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാരി ബിൽസി പി.ബിജു അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റെജി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടിജോ ജോസഫ്, മെമ്പർമാരായ എം.എം. ഷൈജു, വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്, ശ്രുതി സന്തോഷ്‌, ലൈജു ഈരാളി, റിജി ഫ്രാൻസിസ് പഞ്ചായത്ത്‌ സെക്രട്ടറി സി.മണികണ്ഠൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ടി. ആർ റെജി, കെ.എച്ച് വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.