* സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി

പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കടകള്‍ അഗ്‌നിക്കിരയായി നാശനഷ്ടമുണ്ടായ സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഒപ്പമുണ്ടായിരുന്നു. ഫയര്‍ഫോഴ്സിന്റെയും മറ്റു വകുപ്പുകളുടെയും സമയോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഫയര്‍ സ്റ്റേഷന്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരുന്നതിനാല്‍ സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞു. വെള്ളിയാഴ്ച ദിവസം ആയതിനാല്‍ ആളുകള്‍ പള്ളിയില്‍ പോയതും അപകടത്തിന്റെ ആഘാതം കുറച്ചു.

സംഭവംസംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപകടത്തിലും രക്ഷാപ്രവര്‍ത്തനത്തിലുമായി പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ മന്ത്രി സന്ദര്‍ശിച്ചു.  എട്ടു പേരാണ് ആശുപത്രിയില്‍ ഉള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല.