കുടുംബശ്രീ ജില്ലാ മിഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് കളമശ്ശേരിയും സംയുക്തമായി ജില്ലയിലെ ഗോത്ര മേഖലയില്‍ ആരംഭിക്കുന്ന സംരംഭകത്വ പരിശീലനം ആരംഭിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.കെ ജയ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥന്‍ ആലത്തൂര്‍ മുഖ്യാഥിതിയായി.

ജില്ലയില്‍ ഗോത്ര മേഖലയില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പാക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. വരുമാനദായക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക വഴി പട്ടിക വര്‍ഗ്ഗ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകളാണ് കുടുംബശ്രീ നടപ്പിലാക്കി വരുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലനങ്ങള്‍ക്ക് വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ”കീഡ്” സാങ്കേതിക സഹായം നല്‍കുന്നു. കീഡ് അസിസ്റ്റന്റ് മാനേജര്‍ എം. റെജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മിഷന്‍ എം.ഇ.സി എം. പ്രദീപ്കുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.