2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതികളില്‍ ഭേദഗതിക്കായി സമര്‍പ്പിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ 2023-24 വർഷത്തെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി ചെയ്യുന്ന പദ്ധതികള്‍ സംബന്ധിച്ച് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ വിശദീകരിച്ചു. ‘വൃത്തിയുള്ള നവകേരളം 2025-വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്‍ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസാദ് യോഗത്തില്‍ അവതരിപ്പിച്ചു.

അവശേഷിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഭേദഗതി സമര്‍പ്പിക്കാന്‍ ഈമാസം 25 വരെ സമയം നല്‍കിയിട്ടുണ്ട്. ഈ തിയതിക്കു ശേഷം ചേരുന്ന ഡിപിസിയില്‍ ബാക്കിയുള്ളവയ്ക്ക് അംഗീകാരം നല്‍കും. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, നഗരസഭ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.