നവയുഗ സാക്ഷരത – ഏകദിന പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്തു

തുല്യതാ പഠനം നടത്തുന്നവർ നാടിന് അഭിമാനമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. നവയുഗ സാക്ഷരത എന്ന വിഷയത്തിൽ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന പ്രചാരണപരിപാടിയും പ്രതിഭാ സംഗമവും എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല കാരണങ്ങളാൽ പഠനം മുടങ്ങിപ്പോയവർ തുല്യതാ പരീക്ഷയെന്ന സാധ്യത പ്രയോജനപ്പെടുത്തി വിജയം കൈവരിക്കുന്നത് വലിയ കാര്യമാണ്. ഏറെ ആത്മാവിശ്വാസമുള്ളവർക്കെ ഇങ്ങനെയൊരു ശ്രമം നടത്താൻ സാധിക്കൂ. പലവിധ ജീവിത പ്രാരാബ്ധങ്ങൾക്കിടയിലാണ് ഓരോരുത്തരും തുല്യതാ പഠനത്തെ അവസരമാക്കി മുന്നേറുന്നത്.

അതിൽ പലരും വിദ്യാഭ്യാസത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് ഉന്നത പഠനത്തിലേക്ക്‌ പ്രവേശിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. പൊതു വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനും ലോകത്തിനും മാതൃകയായ നാടാണ് കേരളമെങ്കിലും ഇനിയും ഒരുപാട് മുൻപോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എം.എൽ.എമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഭാ സംഗമങ്ങളിൽ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളെയും ആദരിക്കുമെന്ന് ടി. ജെ വിനോദ് എം.എൽ.എ പറഞ്ഞു. സമ്പൂർണ്ണ സാക്ഷരതയിൽ നിന്ന് പരിപൂർണ്ണ സാക്ഷരതയിലേക്ക് എത്തുന്നതിന് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ലോകം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. വിവരസാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരതയ്ക്കായുള്ള പ്രവർത്തനങ്ങളും സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് വീണ്ടും ആളുകളെ പഠനത്തിലേക്ക് എത്തിക്കുന്നത്. ഇവർക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.
സാക്ഷരതാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. തുല്യതാ പഠിതാക്കൾക്ക് പഠനത്തിനായി 15 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് മാറ്റിവച്ചത്. കാഴ്ച വൈകല്യമുള്ള വരേയും തുല്യതാ പഠനത്തിന് പ്രോത്സാഹിപ്പിക്കും. അതിനായി പാഠപുസ്തകങ്ങൾ ബ്രെയ്ലി ലിപിയിലും പുറത്തിറക്കും. ഇത്തരം സംഗമങ്ങൾ പഠിതാക്കളുടെ കലാപരമായ വാസനകളെ പ്രകടിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുല്യതാ പഠനത്തിൽ ഉന്നത വിജയം കൈവരിച്ചവരെയും മാതൃകാ പരമായ പ്രവർത്തനം കാഴ്ചവച്ച സാക്ഷരതാ പ്രവർത്തകരെയും ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ ആദരിച്ചു. സാക്ഷരതാ മിഷൻ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ തുക വകയിരുത്തിയ വെങ്ങോല ഗ്രാമപഞ്ചായത്തിനുള്ള ആദരവ് പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി ഹമീദ് ഏറ്റുവാങ്ങി. സാക്ഷരതാ മിഷൻ തുല്യത പഠിതാവായ തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ.എ ഇബ്രാഹിം കുട്ടിയെ ചടങ്ങിൽ ആദരിച്ചു.

നവയുഗ സാക്ഷരത വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകതയില്‍ ഊന്നിയുള്ള വിവിധ ക്ലാസുകളും പഠിതാക്കളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

എറണാകുളം ഇ.എം.എസ്. ടൗണ്‍ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ, സംസ്ഥാന സാക്ഷരതാ മിഷൻ പ്രതിനിധി നിർമല റേച്ചൽ ജോയ്, സാക്ഷരതാ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ദീപ ജയിംസ്, അസിസ്റ്റന്റ് കോ ഓഡിനേറ്റർ മാരായ കൊച്ചുറാണി മാത്യു, കെ.എം സുബൈദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.