മലയാളത്തില്‍ പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മന്ത്രി കെ. രാജന്‍. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച സി. രാധാകൃഷ്ണനെ കൊച്ചിയിലെ വസതിയിലെത്തി സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

ദീര്‍ഘകാലമായി സി. രാധാകൃഷ്ണനുമായി ആത്മബന്ധം പുലര്‍ത്തുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗത്വം ലഭിച്ചതോടെ മലയാള ഭാഷയും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. എം.ടിക്ക് ശേഷം സി. രാധാകൃഷ്ണന് ഈ അംഗീകാരം ലഭിക്കുമ്പോള്‍ അംഗീകരിക്കപ്പെട്ടത് മലയാള സാഹിത്യ ശാഖ ആകെയാണ്. അനുഭവങ്ങളിലൂടെയും വായനയിലൂടെയും മലയാളിക്ക് കരുത്ത് പകര്‍ന്ന എഴുത്തുകാരനാണ് അദ്ദേഹം. കേരള സര്‍ക്കാരിനു വേണ്ടി ഈ സന്തോഷത്തില്‍ പങ്കുചേരുകയാണ്. ശാസ്ത്ര കൗതുകങ്ങളെപ്പോലും ഒപ്പിയെടുത്ത് മലയാള സാഹിത്യത്തില്‍ വായനക്കാരെ ശാസ്ത്ര ലോകത്തോട് അടുപ്പിക്കുകയും ശാസ്ത്ര സത്യങ്ങളെ ബോധ്യപ്പെടുത്തി തരികയും ചെയ്ത സാഹിത്യകാരനാണ് അദ്ദേഹം.

കേരളത്തില്‍ മുടിയഴിച്ചിട്ടാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അതിജീവിക്കാന്‍ നവോത്ഥാനത്തിന്റെ ഭാഗമായുള്ള ജീവിത സമരങ്ങള്‍ കൊണ്ട് കഴിഞ്ഞു. ഭ്രാന്താലയത്തില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള കേരളത്തിന്റെ യാത്ര ഈ നവോത്ഥാന മുദ്രാവാക്യങ്ങളിലൂടെയാണ് സാധ്യമായത്. കച്ചവടവത്കരിക്കപ്പെട്ട സമൂഹത്തിലേക്ക് നരബലിയടക്കമുള്ള അനാചാരങ്ങള്‍ തിരിച്ചുവരുന്ന കാലത്ത് സി. രാധാകൃഷ്ണനെപ്പോലുള്ള എഴുത്തുകാര്‍ക്ക് വലിയ സംഭാവനകള്‍ അക്ഷരങ്ങളിലൂടെ പൊതുസമൂഹത്തിന് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി തന്നെ കാണാനെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞു. നേരത്തേ എ.കെ. ബാലന്‍ മന്ത്രിയായിരുന്നപ്പോള്‍ വീട്ടിലെത്തിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ അവസരത്തിലായിരുന്നു അത്. കെ. രാജന്റെ വളര്‍ച്ചയില്‍ അക്ഷരം കൊണ്ട് ചില സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലം കാത്തുവെക്കുന്നത് എന്ന പുസ്തകം സി. രാധാകൃഷ്ണന്‍ മന്ത്രിക്ക് നല്‍കി. മന്ത്രി കെ. രാജന്റെ ഭാര്യ അനുപമ, പൊതുപ്രവര്‍ത്തകരായ എം.കെ. ദിനകരന്‍, കമല സദാനന്ദന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.