പി.എസ്.സി. മുഖേനയുള്ള നിയമനങ്ങൾക്കായി സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക, ചുരുക്ക പട്ടികകളുടെ വലിപ്പം നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പും ഇതര മന്ത്രാലയങ്ങളും സ്വീകരിച്ചുവരുന്ന സംവിധാനങ്ങളുടെ മാതൃക പഠിക്കുന്നതിന് എട്ടംഗ സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി.

പി.എസ്.സി അംഗം സി. സുരേശൻ അധ്യക്ഷനായ സമിതിയിൽ പി.എസ്.സി. അംഗം ഡോ. എസ്. ശ്രീകുമാർ, സംസ്ഥാന പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് വകുപ്പ് സെക്രട്ടറിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ, പൊതുഭരണ വകുപ്പ് സെക്രട്ടറിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ, ന്യൂഡൽഹി റെസിഡന്റ് കമ്മിഷണർ, കേരള പി.എസ്.സി ജി.ആർ. വിഭാഗം ജോയിന്റ് സെക്രട്ടറി, കേരള പി.എസ്.സി. ഡി.ആർ. വിഭാഗം ജോയിന്റ് സെക്രട്ടറി, കേരള പി.എസി. അഡിഷണൽ സെക്രട്ടറി (റിക്രൂട്ട്മെന്റ് -1) എന്നിവരാണ് അംഗങ്ങൾ. ഈ സമിതി വിശദമായ പഠനം നടത്തി സമയബന്ധിതമായി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും.