ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കിസാന്‍ മേള നടത്തി. വേങ്ങര സിനിമാ ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച കിസാന്‍മേള വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുമായി സഹകരിച്ച് നടത്തിയ മേളയില്‍ കാര്‍ഷിക സെമിനാര്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളെ കുറിച്ചുള്ള ക്ലാസ്സുകള്‍, ജൈവകാര്‍ഷികോല്പന്നങ്ങള്‍, വളം, കീടനാശിനി, തൈകള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പുമുണ്ടായിരുന്നു. അനര്‍ട്ടിന്റെ സോളാര്‍ പമ്പ് സെറ്റ്, വിവിധയിനം ചെറുകിട കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും എസ്.എം.എ.എം സ്ഥാപനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യവും മേളയില്‍ ഒരുക്കിയിരുന്നു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകരും വിവിധ പാടശേഖര സമിതികളും ഉല്‍പാദിപ്പിച്ച കീഴങ്ങുവര്‍ഗ്ഗങ്ങള്‍ ഇലക്കറികള്‍, പച്ചക്കറികള്‍, വിവിധയിനം പച്ചക്കറി വിത്തുകള്‍ എന്നിവയുടെ വില്പനയും മേളയില്‍ ഉണ്ടായിരുന്നു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീന മജീദ്, അസിസ്റ്റന്റ് ഡയറക്ടര്‍ പി. ഗിരിജ പറങ്ങോടത്ത് അസീസ്, എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്കിന് കീഴിലെ വിവിധ കൃഷി ഓഫീസര്‍മാരായ വിഷ്ണു നാരായണന്‍ (എടരിക്കോട്), ജൈസല്‍ ബാബു (വേങ്ങര), ജംഷീദ് (കണ്ണമംഗലം), ഷംസീര്‍ (തെന്നല), ലീന (ഊരകം), മഹ്‌സൂമ (പറപ്പൂര്‍) എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.