ചാലക്കുടി  ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിന്റെ  പുതിയ കെട്ടിട സമുച്ചയത്തിന്റെ   നിർമ്മാണോദ്‌ഘാടനം സനീഷ്‌കുമാർ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. നിലവിലുള്ള ഓഫിസ് സ്ഥിതിചെയ്യുന്നതിന് സമീപത്തായി 2.20 കോടി രൂപ ചെലവിൽ   രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്.

ആർസിസി ഫ്രെയിംഡ് സ്ട്രക്ച്ചറായി നിർമ്മിയ്ക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എഇഒ റൂം, ഓഫീസ്, ഡൈനിംഗ്, സ്റ്റോർ റൂം, എയ്‌ഡഡ്‌ റെക്കോർഡ് റൂം, ടോയ്‌ലറ്റ് എന്നിവയും  ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ, റെക്കോർഡ് റൂമുകൾ, ടോയ്‌ലറ്റ് എന്നിവയുമാണ്  ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.

7231 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തിയുടെ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്.

ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമoത്തിൽ, കൗൺസിലർ നിത പോൾ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹൻ, ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ഷാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി പ്രദീപ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എൻ വി ആൻ്റണി, അസിസ്റ്റന്റ് എഞ്ചിനിയർ ഡോളി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.