ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമായി എരമല്ലൂർ കൊടുവേലിൽ പീറ്ററിന്റെ ഭാര്യ സെലിൻ പീറ്റർ തന്റെ 10 സെൻറ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി. കുത്തിയതോട് ഉള്ള 38 സെന്റ് സ്ഥലത്തിൽ നിന്നാണ് 10 സെന്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയത്. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് എന്തെങ്കിലും ചെയ്യണമെന്ന ദൈവത്തിന്റെ പ്രചോദനമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് സെലിൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കോ പുനരിധിവാസത്തിനോ സ്ഥലം ഉപയോഗിക്കാൻ കഴിയുമെന്ന് കരുതുന്നതായി കുടുംബം വ്യക്തമാക്കി. എ.എം.ആരിഫ് എം.എൽ.എയോടാണ് ഇങ്ങനെയൊരു ആഗ്രഹം സെലിൻ അറിയിച്ചത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ സ്ഥലത്തിൻറെ രേഖകൾ ഏറ്റുവാങ്ങി ജില്ലാ കളക്ടർക്ക് കൈമാറി . സെലിന്റെ ഭർത്താവ് പീറ്റർ, മകൻ വിജോപീറ്റർ എന്നിവരും സെലിനൊപ്പം എത്തിയിരുന്നു. വിനുവും സ്മിതയുമാണ് മറ്റ് മക്കൾ.
