കൊച്ചി: പ്രളയ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ ജില്ലയില്‍ ഇന്നലെ (04-09-2018) വൈകിട്ട് അഞ്ചു മണി വരെ 63458 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. ഭക്ഷണ സാധനങ്ങളും അവശ്യവസ്തുക്കളും അടങ്ങുന്ന 202174 കിറ്റുകളാണ് ഇന്നലെ വൈകിട്ട് വരെ ജില്ലാ ആസ്ഥാനത്തു നിന്നും വിവിധ താലൂക്കുകളിലേക്ക് നല്‍കിയത്. ഇതില്‍ 175278 കിറ്റുകളുടെ വിതരണം പൂര്‍ത്തിയായതായി തഹസില്‍ദാര്‍മാര്‍ അറിയിച്ചു.
പ്രളയകാലത്ത് ആരംഭിച്ച 969 ക്യാമ്പുകളില്‍ 14 ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 213 കുടുംബങ്ങളില്‍ നിന്നായി 682 അംഗങ്ങളാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. ആലുവയില്‍ നാല് ക്യാമ്പുകളിലായി 56 കുടുംബങ്ങളിലെ 193 പേരും പറവൂരില്‍ ഏഴ് ക്യാമ്പുകളിലായി 132 കുടുംബങ്ങളിലെ 429 പേരും കണയന്നൂര്‍ താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 25 കുടുംബങ്ങളിലെ 60 പേരും താമസിക്കുന്നു. 4,10,301 പേരാണ് പ്രളയം രൂക്ഷമായിരുന്ന ഘട്ടത്തില്‍ 969 ക്യാമ്പുകളിലായി ഉണ്ടായിരുന്നത്.
ജില്ലയില്‍ പ്രളയബാധിതരായി കണക്കാക്കിയിരിക്കുന്ന 166772 കുടുംബങ്ങളില്‍ 137000 കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണം പൂര്‍ത്തിയായി. ഈ വിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി അംഗീകാരം നല്‍കുന്ന മുറയ്ക്കാണ് തഹസില്‍ദാര്‍മാര്‍ മുഖേന ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ കൈമാറുന്നത്.