*2.67 കോടി വോട്ടർമാരിൽ 1.75 കോടി പേർ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ
കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചു
തടസ്സങ്ങൾ ഇല്ലാതെ ജനാധിപത്യ ഭരണസമ്പ്രദായം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുന്നത് രാജ്യം ആത്മീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ദീർഘ നാളത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ ജനാധിപത്യം സ്ഥാപിതമായത്. പടിഞ്ഞാറിന് പുറത്ത് ഇന്ത്യയിൽ മാത്രമാണ് ജനാധിപത്യം തടസ്സങ്ങളില്ലാതെ നിലനിൽക്കുന്നത്. എന്താണതിന് കാരണമെന്ന് യുവജനങ്ങൾ ചിന്തിക്കേണ്ടതുണ്ട്. ജനാധിപത്യ ക്രമത്തിന്റെ തുടക്കത്തിൽതന്നെ ഇന്ത്യ ആത്മീയ ജനാധിപത്യത്തിൽ വിശ്വസിച്ചതിനാലാണിത്,’ ദേശീയ സമ്മതിദായക ദിനം ബുധനാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഗവർണർ വ്യക്തമാക്കി.
കേരളം വളരെ താല്പര്യം ജനിപ്പിക്കുന്ന കേസ് സ്റ്റഡി ആണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് ഒരിക്കൽ വിശേഷിപ്പിച്ച കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ഇന്ന് സമത്വവും അന്തസ്സും നിലനിൽക്കുന്ന മികച്ചയിടമാണ്. ഈ മാറ്റം എങ്ങനെ സംഭവിച്ചു? ഈ മാറ്റം സംഭവിച്ചിട്ടുള്ളത് സംഘർഷരഹിതമായാണ്. ശ്രീ നാരായണഗുരു പറഞ്ഞതുപോലെ നിന്നിലും എന്നിലും ഒരുപോലെ ദൈവീകത നിലനിൽക്കേ നാം എങ്ങിനെയാണ് വ്യത്യസ്തരാകുക എന്ന മഹനീയ ചിന്തയിൽ നിന്നാണ് ഈ മാറ്റമുണ്ടായത്,’ ഗവർണർ പറഞ്ഞു.
യഥാർത്ഥ ജനാധിപത്യ വ്യവസ്ഥയിൽ അക്രമവും കലാപവും പ്രവർത്തിയിൽ മാത്രമല്ല ചിന്തയിൽ പോലും ഉണ്ടാകില്ല. ആളുകൾ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുകയും മത്സരിക്കുകയും തെരഞ്ഞെടുപ്പ് വിജയിയെ അനുമോദിക്കുകയും ചെയ്യും. വെറുപ്പോ വിദ്വേഷമോ ഉണ്ടാകില്ല. അത്രയും വിലപ്പെട്ട ജനാധിപത്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കണമെന്ന് യുവജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ‘സർക്കാറും ഗവർണറും എല്ലാം നിശ്ചിത കാലയളവിനുശേഷം മാറും. മാറാത്തത് ജനങ്ങളുടെ പൗരത്വമാണ്. അതിനാൽ ജനങ്ങൾ എന്ന പൗരന്മാരാണ് കണ്ണിലെണ്ണയൊഴിച്ച് ജനാധിപത്യം കാത്തു സംരക്ഷിക്കേണ്ടതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വീപ് ഐക്കൺ ആയ തെരഞ്ഞെടുക്കപ്പെട്ട ടിഫാനി ബ്രാർ (ഭിന്നശേഷി വിഭാഗം), രഞ്ജു രഞ്ജിമ (ട്രാൻസ്‌ജെൻഡർ), പ്രശസ്ത ഗായിക നാഞ്ചിയമ്മ എന്നിവരെ ഗവർണർ ആദരിച്ചു.
ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്ന പ്രവൃത്തി മികച്ച രീതിയിൽ പൂർത്തിയാക്കിയ ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടർ വി. ആർ കൃഷ്ണ തേജ ഗവർണറിൽ നിന്ന് സമ്മാനം സ്വീകരിച്ചു. പോളിംഗ് സ്റ്റേഷനുകൾ പുന:ക്രമീകരിക്കുക വഴി തെരഞ്ഞെടുപ്പ് ചെലവുകൾ ഗണ്യമായി കുറച്ചതിന് തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജ്, തിരുവനന്തപുരം ജില്ലയിലെ മികച്ച ഇലക്ട്രൽ ലിറ്ററസി ക്ലബ്ബുകൾ ആയി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, നെടുമങ്ങാട് ഗവൺമെൻറ് കോളേജ് എന്നിവർ അവാർഡുകൾ സ്വീകരിച്ചു.
സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ ഡിസൈൻ മത്സരത്തിലെ വിജയികളായ കണ്ണൂർ സെൻറ് തെരോസസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂളിലെ സഹന ടി. വി, രണ്ടാം സ്ഥാനം നേടിയ തലശ്ശേരി വടക്കുമ്പാട് ജി.എച്ച്.എസ്.എസിലെ അദ്വൈത് പി.പി, മൂന്നാമതെത്തിയ എറണാകുളം എസ്.ആർ.വി സ്‌കൂളിലെ അശ്വിൻ എൻ.ഐ എന്നിവർ സമ്മാനങ്ങൾ സ്വീകരിച്ചു.
സംസ്ഥാന തലത്തിൽ നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജ്, എറണാകുളം പെരുമ്പാവൂർ ജയഭാരത് ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സ്, കോട്ടയം മേലുകാവ് ഹെൻറി ബേക്കർ കോളേജ് എന്നീ കലാലയങ്ങളിലെ വിദ്യാർഥികളും അവാർഡുകൾ സ്വീകരിച്ചു.
ചടങ്ങിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അധ്യക്ഷത വഹിച്ചു. ആകെ 2.67 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 1.75 കോടി ആളുകൾ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസ് എന്നിവർ സംസാരിച്ചു. ‘നത്തിംഗ് ലൈക് വോട്ടിംഗ്, ഐ വോട്ട് ഫോർ ഷുവർ’ എന്നതാണ് ഇത്തവണത്തെ ദേശീയ സമ്മതിദായക ദിനത്തിന്റെ തീം.