ആലപ്പുഴ: എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വയറിളക്കരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ പ്രത്യേക ആര്‍.ആര്‍.ടി. യോഗം ചേര്‍ന്നു.

ആര്‍.ഒ. പ്ലാന്റുകളിലെ വെളളത്തിന്റെ ഗുണനിലവാരം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിക്കുക, പാചകക്കാര്‍ക്കും ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുക, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കുക, ഭക്ഷണ-പാനീയ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്യുക, ആരോഗ്യ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയവ കര്‍ശനമായി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ ഡി.എം.ഒ. ഡോ. ജമുന വര്‍ഗീസ്, ഡോ. കോശി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഭക്ഷ്യസുരക്ഷ വിഭാഗം, വാട്ടര്‍ അതോറിറ്റി, ഡി.ഡി.പി. ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, ആഹാരം കഴിക്കുന്നതിന് മുന്‍പും ശൗചാലയങ്ങള്‍ ഉപയോഗിച്ച ശേഷവും നിര്‍ബന്ധമായും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക, മത്സ്യവിഭവങ്ങള്‍ പ്രത്യേകിച്ച് കക്ക ഇറച്ചി പോലെയുള്ളവ നന്നായി വേവിച്ച ശേഷം ഉപയോഗിക്കുക എന്നീ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഛര്‍ദ്ദില്‍, വയറിളക്കം, വയറുവേദന, ശരീരവേദന, പനി, തലക്കറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ നോറോവൈറസ് ബാധയുടെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. രോഗബാധയുള്ളവര്‍ ആഹാരം പാചകം ചെയ്യുന്നതില്‍ നിന്നും വിളമ്പുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം.