നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ തീരുമാനം. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആസൂത്രണ സമിതി ചെയര്‍മാനുമായ സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നവകേരളം കര്‍മപദ്ധതി ജില്ലാ മിഷന്റെ അവലോകന യോഗത്തിലാണ് തീരുമാനം. കബനിക്കായ് വയനാട് ക്യാമ്പെയിന്‍ പദ്ധതിയാക്കാന്‍ അടുത്ത വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയല്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കബനിക്കായ് വയനാട് മാപ്പിംഗ് പൂര്‍ത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്തുതല അവലോകനം നടത്തും. വൈത്തിരി ഗ്രാമപഞ്ചായത്തിലാണ് ആദ്യ അവലോകന യോഗം നടത്തുന്നത്.
കോട്ടത്തറ, ബേഗൂര്‍, ചെതലയം എഫ്.എച്ച്.സി കള്‍ നേരിടുന്ന സ്റ്റാഫുകളുടെ കുറവ് പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് യോഗം നിര്‍ദ്ദേശിച്ചു. ലൈഫ് മിഷനിലൂടെ ജില്ലയില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ സെപ്റ്റിക് ടാങ്കുകള്‍ ഉറപ്പുവരുത്തണമെന്നും യോഗം തീരുമാനിച്ചു. മുനിസിപ്പാലിറ്റികളില്‍ നഗരാരോഗ്യം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്മാരുടെ യോഗം ചേരും.
നവകേരളം കര്‍മപദ്ധതിയുടെ ‘സുരക്ഷിതമാക്കം പശ്ചിമഘട്ടം’ ബ്രോഷര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥിന് നല്‍കി പ്രകാശനം ചെയ്തു. നവകേരള കര്‍മ്മ പദ്ധതിയിലുള്‍പ്പെടുന്ന ഹരിത കേരളം, വിദ്യാകിരണം, ലൈഫ്, ആര്‍ദ്രം മിഷനുകളുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. നവകരേളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.