പതിമൂന്നാമത് ദേശീയ സമ്മതിദായക ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം നഴ്‌സിംഗ് കോളേജില്‍ നടന്ന ചടങ്ങ് എ.ഡി.എം സി.മുഹമ്മദ് റഫീഖ് ഉഘാടനം ചെയ്തു. എല്ലാവരും വോട്ട് ചെയ്യുകയും വോട്ട് ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘നത്തിങ് ലൈക്ക് വോട്ടിങ് ഐ വോട്ട് ഫോര്‍ ഷുവര്‍’ എന്നതാണ് ഇത്തവണത്തെ വോട്ടേഴ്‌സ് ഡേയുടെ പ്രമേയം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രകാശനം ചെയ്ത ‘മേം ഭാരത് ഹൂം’ എന്ന ഗാനം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ- താലൂക്ക് തലങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബി. എല്‍. ഒ മാരെയും മികച്ച ഇ.എല്‍.സി ക്ലബ്ബിനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ – താലൂക്ക് തല പെയ്ന്റിങ്, ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും ആധാര്‍- വോട്ടര്‍ ഐ.ഡി ബന്ധിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ്, എന്‍. വി.എസ്. പി പോര്‍ട്ടല്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഹിമ. കെ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹമീദ് കെ കെ, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.സുനിത പി.സി, ജെ.ഡി.ടി ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മഖ്ബൂല്‍, ക്യാമ്പസ് അംബാസിഡര്‍ അഫ്‌ല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍ സ്വാഗതവും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാബുരാജന്‍ ടി നന്ദിയും പറഞ്ഞു.