വലിച്ചെറിയൽ മുക്ത കേരളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

പൊതുസ്ഥലങ്ങളിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അത്തരം പ്രദേശങ്ങളിൽ സൗന്ദര്യവത്കരണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ശുചീകരിക്കുന്ന ഇടങ്ങളിൽ പിന്നീട് മാലിന്യം തള്ളാൻ കഴിയാത്ത രീതിയിലുള്ള നടപടികൾ ആരംഭിക്കും. ഹരിത കർമ്മ സേന, ശുചിത്വമിഷൻ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുമായി യോജിച്ച് ജനകീയ ക്യാമ്പയിനിലൂടെയാണ് മാലിന്യനീക്കം നടത്തുകയെന്നും മന്ത്രി പറഞ്ഞു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വലിച്ചെറിയൽ മുക്ത കേരളം ജില്ലാതല ഉദ്ഘാടനം മരുതറോഡ് ഗ്രാമപഞ്ചായത്ത് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം ഇല്ലാത്ത സാഹചര്യമുണ്ടാകുന്നതിന് വാർഡ് അടിസ്ഥാനത്തിൽ ജനകീയ ചുമതലകൾ നൽകും. ഒരിക്കൽ വൃത്തിയാക്കിയ ഇടം പിന്നീട് വൃത്തിയാക്കേണ്ട സാഹചര്യം ഉണ്ടാവരുത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ വലിയ പിഴ ഈടാക്കാനുള്ള ആലോചനയുണ്ട്. അതോടൊപ്പം മാലിന്യം തള്ളുന്നവരെ കണ്ടെത്താനുള്ള സംവിധാനങ്ങൾ ഒരുക്കും. ക്യാമറകൾ കൊണ്ടുമാത്രം ഫലം കാണാത്ത സാഹചര്യങ്ങളിൽ മാലിന്യം തള്ളുന്നവരുടെ ചിത്രം ആർക്കും അപ്‌ലോഡ് ചെയ്യാനാവുന്ന രീതിയിൽ പോർട്ടൽ സംവിധാനം ആരംഭിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഏർപ്പെടുത്തുന്നതിന് മുൻപ് അതിന്റെ മറ്റ് വശങ്ങൾ കൂടി പരിശോധിക്കും.

മാലിന്യം വലിച്ചെറിയുന്ന രീതി തുടരാനാവില്ല. മാലിന്യം വലിച്ചെറിയുന്നത് സംസ്കാര ശൂന്യവും സാമൂഹ്യവിരുദ്ധവുമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. വലിച്ചെറിയൽ അവസാനിപ്പിക്കാൻ നിയമനിർമാണവും ബോധവത്ക്കരണവും അനിവാര്യമാണ്. ഇത് രണ്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. 2026 ഓടെ മാലിന്യമുക്ത കേരളമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിൽ നിരവധി പഞ്ചായത്തുകൾ വിജയകരമായി പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം പൊതു ഇടങ്ങളിലെ ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന മനോഭാവം സൃഷ്ടിക്കാനാണ് വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ എന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി. പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബിനുമോൾ മുഖ്യാതിഥിയായി. നവകേരളം കർമ്മപദ്ധതി -2 ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി.ജി അബിജിത്ത്, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിർമ്മല, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. രാധാകൃഷ്ണൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ശോഭന, മരുതറോഡ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി. ഗോപിനാഥൻ ഉണ്ണിത്താൻ, ആർ. കൃഷ്ണകുമാരി, വാർഡംഗം എം. സജിത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. ഗോപിനാഥൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി.എസ് മനോജ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ രാമചന്ദ്രൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർശ്, ശുചിത്വ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ദീപ, ശുചിത്വ മിഷൻ മലമ്പുഴ ബ്ലോക്ക്‌ ആർ.പി പി. സഹദേവൻ എന്നിവർ പങ്കെടുത്തു.