എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ‘നിധി ആപ്കെ നികട് 2.0′(പി.എഫ് നിങ്ങള്‍ക്കരികില്‍) എന്ന പേരില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതി പരിഹാരത്തിനുമായി ജില്ലാതല ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സുല്‍ത്താന്‍പേട്ട കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് പ്രോവിഡണ്ട് ഫണ്ട് കമ്മിഷണര്‍ എം.എസ് അനന്തരാമന്‍ അധ്യക്ഷനായി. ‘പി.എഫ് നിങ്ങള്‍ക്കരികില്‍’ (നിധി ആപ് കെ നികട് 2.0) പദ്ധതിയുടെ ഭാഗമായി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് എല്ലാ മാസവും 27 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇ.പി.എഫ് ബോധവത്ക്കരണ-പരാതി പരിഹാര ക്യാമ്പില്‍ 150-ഓളം പേര്‍ പങ്കെടുത്തു. 40 പരാതികള്‍ ലഭിച്ചു. 22 എണ്ണം പരിഹരിച്ചു. ബാക്കി 18 പരാതികള്‍ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണല്‍ ഓഫീസിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ ഇ.പി.എഫ് ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ ശശി ബോധവത്കരണ ക്ലാസെടുത്തു. ലേബര്‍ ഓഫീസര്‍ കെ. സുനില്‍, ഇ.എസ്.ഐ.സി സോഷ്യല്‍ സെക്യൂരിറ്റി ഓഫീസര്‍ സ്റ്റീഫന്‍ ജോണ്‍ പങ്കെടുത്തു.