പൊതുമരാമത്ത്, ടൂറിസം മേഖലകളിൽ ഒരു പൊതു ഡിസൈൻ നയം കൊണ്ടുവരുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാലങ്ങളുടെ ചുവട്ടിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കും. അവ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കും. വിവിധ ജില്ലകളിൽ ഇത്തരം പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. വയലടയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. പവലിയന്‍, പ്രധാന കവാടം, സൂചന ബോര്‍ഡുകള്‍, ലാന്റ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാർ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍,വ്യൂ പോയിന്റ് തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രധാന ഘടകങ്ങള്‍.
പ്ലോട്ടുകളില്‍ ആയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളിൽ നിന്നും വിട്ടുകിട്ടിയ സ്ഥലത്താണ് വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ഡി.ടി.പി.സി മുഖന നടപ്പാക്കുന്ന ഈ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി -ലിമിറ്റഡ് (കെ ഇ എൽ) ആണ്.
കെ.എം സച്ചിൻദേവ് എം. എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി. ജി അഭിലാഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം. എൽ.എ പുരുഷൻ കടലുണ്ടി വിശിഷ്ടാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി, മണ്ഡലം വികസന സമിതി അധ്യക്ഷന്‍ ഇസ്മയില്‍ കുറുമ്പൊയിൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എ.ഡി.എം സി മുഹമ്മദ് റഫീഖ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽ ദാസ് നന്ദിയും പറഞ്ഞു.