രണ്ടാം നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം പ്രചാരണ പരിപാടി ജില്ലയിൽ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പുരോഗമിക്കുന്നു. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയരുത് എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതിലൂടെ മാലിന്യ മുക്ത കേരളം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കരുമാലൂർ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ മാഞ്ഞാലി ചുവടു ജംഗ്ഷന് സമീപം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ക്യാംപയിൻ ജില്ലയിൽ ഉദ്ഘാടനം ചെയ്തത്.

എടത്തല ഗ്രാമപഞ്ചായത്തിൽ കുഴിവേലിപ്പടി വെട്ടിക്കുഴ ബണ്ടിനോട് ചേർന്ന് കിടന്ന മാലിന്യം ഹരിത കർമസേന നീക്കം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജാ കുഞ്ഞുമോൻ പരിപാടി ഉദ്ഘാടനം ചെയ്തു. വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ കരിമുകളിൽ പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം ഷാനിബാ ബാബു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീരേഖ അജിത്, കൗൺസിലർമാരായ സി.ജെ നിഷാദ്, എം.എം ലത്തീഫ്, ഷാജി ജോർജ്, വിഷ്ണു വിജയൻ, സജിത പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ശുചീകരണ യജ്ഞത്തിൽ ജനപ്രതിനിധികൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും വ്യാപാരി വ്യവസായികളും ഹരിത കർമ്മ സേനാംഗങ്ങളും പങ്കെടുത്തു. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചിറ്റാറ്റുകര പഞ്ചായത്തിൽ പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുനമ്പം കവലയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ സേന പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

മരട് നഗരസഭയിൽ ചെയർമാൻ ആന്റണി ആശാ൯പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പദ്ധതിയുടെ ഭാഗമായി നഗരസഭാ പതിനാറാം വാർഡ് കുണ്ടന്നൂർ ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ സെക്രട്ടറി ഇ.നസീം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്ര കലാധർ, ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ ജേക്കബ്സൺ, ഹരിത കർമ്മ സേനാ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻകേരള കമ്പനി എന്നിവർ സംയുക്തമായാണ് ക്യാമ്പയിൻ നടത്തുന്നത്.