കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനാചരണത്തിന്റെയും സ്പര്‍ശ് ക്യാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി ഐ.പി.പി ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിര്‍വഹിച്ചു. സമൂഹത്തില്‍ കുഷ്ഠരോഗത്തിനെതിരെ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍, അവഗണന, ഭയം എന്നിവ ഇല്ലാതാക്കുന്നതിനായി ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് ‘സ്പര്‍ശ് ക്യാമ്പയിന്‍’ (കുഷ്ഠരോഗ പക്ഷാചരണം) സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ത്വക്ക് രോഗ പരിശോധന ക്യാമ്പുകള്‍, വിവിധ തലങ്ങളിലുള്ള ബോധവത്ക്കരണ പരിപാടികള്‍, വിദ്യാലയങ്ങളില്‍ പ്രതിജ്ഞ എന്നിവ നടത്തും.

ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍ സെല്‍വരാജ് അധ്യക്ഷനായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ജയശ്രീ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എ നാസര്‍, ജില്ലാ ആശുപത്രി ത്വക്ക് രോഗ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.വി സുജാത, ജില്ലാ നഴ്‌സിങ് ഓഫീസര്‍ കെ. രാധാമണി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ടി.കെ ലത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാലക്കാട് ഗവ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് അരങ്ങേറി.