കോട്ടയം: സ്‌നേഹക്കൂട്ടിലെ പേഡയ്ക്കും ഐസ്‌ക്രീമിനും അല്‍പ്പം മധുരം കൂടുതല്‍ തന്നെയാണ്. കാരണം നാട്ടകം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇവ ഉണ്ടാക്കിയത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സ്വാന്തനം ഏകാനാണ്. പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ സ്വന്തം കൈകള്‍ കൊണ്ട് പാലുത്പന്നങ്ങളും പുസ്തകങ്ങളും വിറ്റ് മാതൃകയാവുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. വി.എച്ച്.എസ്.സി വിഭാഗത്തിലെ ഡയറി ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ തയ്യാറാക്കിയ പേഡ, ഗുലാബ് ജാമുന്‍, രസഗുള, സിപ്പ്-അപ്പ്, ചോക്ലേറ്റ് തുടങ്ങി ഇരുപതോളം വിഭവങ്ങള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന ലാഭം ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. ഡയറി ടെക്‌നോളജി വകുപ്പിനെ കൂടാതെ പ്രിന്റിംഗ് ടെക്‌നോളജി വിഭാഗം തയ്യാക്കിയ നോട്ട് ബുക്ക്, ,റെക്കോര്‍ഡ് ബുക്ക്, പേപ്പര്‍ പേന എന്നിവയും കുട്ടികള്‍ വില്‍പ്പന നടത്തുന്നുണ്ട്. മറിയപ്പള്ളി ജംഗ്ഷന്‍, നാട്ടകം കോളേജ് ജംഗ്ഷന്‍, സ്‌കൂള്‍ ക്യാമ്പസ് എന്നിവിടങ്ങളില്‍ സ്റ്റാളുകള്‍ സ്ഥാപിച്ചാണ് വിദ്യാര്‍ത്ഥികള്‍ വില്‍പ്പന നടത്തുന്നത്. 6,7 തീയതികളിലും വിദ്യാര്‍ത്ഥികളുടെ വില്‍പ്പന തുടരും. സ്‌നേഹക്കൂട്ടിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
