കൊച്ചി: പ്രളയ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ ജില്ലയില്‍ ഇന്നലെ (സെപ്തംബര്‍ 5) വൈകിട്ട് ആറു മണി വരെ 76,315 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാനുളള നടപടികള്‍ പൂര്‍ത്തിയായി. ആകെ കൈമാറേണ്ട തുകയുടെ 45.35 ശതമാനമാണിത്. കണയന്നൂര്‍ താലൂക്ക്- 5458, കൊച്ചി –1416, ആലുവ –22525, പറവൂര്‍- 28865, കുന്നത്തുനാട് – 8562, മൂവാറ്റുപുഴ – 7456, കോതമംഗലം – 2033 എന്നിങ്ങനെയാണ് ഓരോ താലൂക്കിലും തുക ലഭിച്ച കുടുംബങ്ങളുടെ എണ്ണം.
ജില്ലയില്‍ പ്രളയബാധിതരായി കണക്കാക്കിയിരിക്കുന്ന 168,324 കുടുംബങ്ങളില്‍ മുഴുവന്‍ പേരുടെയും വിവരശേഖരണം പൂര്‍ത്തിയായി. ഈ വിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി അംഗീകാരം നല്‍കുന്ന മുറയ്ക്കാണ് തഹസില്‍ദാര്‍മാര്‍ മുഖേന ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ കൈമാറുന്നത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും കൈമാറാമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുടുംബങ്ങള്‍ക്കും ഭക്ഷണ സാധനങ്ങളും അവശ്യവസ്തുക്കളും അടങ്ങുന്ന 2,27,769 കിറ്റുകളാണ് ഇന്നലെ (സെപ്തംബര്‍ 5) വൈകിട്ട് വരെ ജില്ലാ ആസ്ഥാനത്തു നിന്നും വിവിധ താലൂക്കുകളിലേക്ക് നല്‍കിയത്. ഇതില്‍ 2,22,086 കിറ്റുകളുടെ വിതരണം പൂര്‍ത്തിയായതായി തഹസില്‍ദാര്‍മാര്‍ അറിയിച്ചു. കണയന്നൂര്‍ 23,192, കൊച്ചി -9,600, കോതമംഗലം – 2980, കുന്നത്തുനാട് – 19,385, മൂവാറ്റുപുഴ – 9630, പറവൂര്‍ – 1,16,205 എന്നിങ്ങനെയാണ് വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം
പ്രളയകാലത്ത് ആരംഭിച്ച 969 ക്യാമ്പുകളില്‍ 14 ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 213 കുടുംബങ്ങളില്‍ നിന്നായി 682 അംഗങ്ങളാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. ആലുവയില്‍ നാല് ക്യാമ്പുകളിലായി 56 കുടുംബങ്ങളിലെ 193 പേരും പറവൂരില്‍ ഏഴ് ക്യാമ്പുകളിലായി 132 കുടുംബങ്ങളിലെ 429 പേരും കണയന്നൂര്‍ താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 25 കുടുംബങ്ങളിലെ 60 പേരും താമസിക്കുന്നു. 4,10,301 പേരാണ് പ്രളയം രൂക്ഷമായിരുന്ന ഘട്ടത്തില്‍ 969 ക്യാമ്പുകളിലായി ഉണ്ടായിരുന്നത്.