ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ ആകെ 39 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ വ്യവസായ വികസന സമിതിയില്‍ ആകെ 16 അപേക്ഷള്‍ ലഭിച്ചതില്‍ എട്ട് എണ്ണം തീര്‍പ്പാക്കി. ജില്ലാ പരാതി പരിഹാര സമിതിയില്‍ രണ്ട് അപേക്ഷകള്‍ ലഭിച്ചതില്‍ ഒരെണ്ണം തീര്‍പ്പാക്കി. മൂന്ന് സമിതികളിലും ബാക്കിയുള്ള പരാതികള്‍ അടുത്ത യോഗത്തിന്റെ പരിഗണനയ്ക്ക് വിട്ടു.

വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ക്കുള്ള പെര്‍മിറ്റ്, നഗരാസൂത്രണ വിഭാഗത്തിന്റെ അനുമതി, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ അനുമതി, പഞ്ചായത്ത് ലൈസന്‍സ്, ഒക്യുപന്‍സി മാറ്റുന്നതിനുള്ള അപേക്ഷ, ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ അനുമതി, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി തുടങ്ങി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് സമിതി പരിഗണിച്ചത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.എ. നജീബ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.