പൊതുജനങ്ങളിൽ നിന്നും അനധികൃതമായി നിക്ഷേപ സമാഹരണവും സാമ്പത്തിക തട്ടിപ്പും നടത്തിയതിന് പ്രതിയാക്കപ്പെട്ട സ്ഥാപനങ്ങൾക്കും ഇവയുടെ നടത്തിപ്പുകാർക്കും എതിരെ ബഡ്സ് നിയമപ്രകാരം എറണാകുളം ജില്ലയിൽ ഇവരുടെ വസ്തുവകകൾ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാ൯ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിട്ടു.

കേരള ഹൗസിങ് ഫിനാ൯സ് ലിമിറ്റഡ് (കെ.എച്ച്.എഫ്.എൽ) തിരുവനന്തപുരം, ജെന്റോജെ൯ ട്രെ൯ഡ് എന്റർപ്രൈസസ് പൊള്ളാച്ചി, ജെ൯ട്രെ൯ഡ് ട്രേഡ്സ് ആന്റ് സർവീസസ് പൊള്ളാച്ചി, എവർ ബിയിംഗ് നിധി ലിമിറ്റഡ് ചന്ദ്രനഗർ, ക്രിസ്റ്റൽ ഫിനാ൯സ് ഈരാറ്റുപേട്ട, ക്രിസ്റ്റൽ ജിആർപി നിധി ലിമിറ്റഡ്, ക്രിസ്റ്റൽ സൊസൈറ്റി, കേച്ചേരി എന്റർപ്രൈസസ് കമുകുംചേരി, പിടവൂർ, പത്തനാപുരം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് ഉത്തരവ്.

സാമ്പത്തിക കുറ്റകൃത്യത്തിൽ പ്രതി ചേർക്കപ്പെട്ട സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കും എറണാകുളം ജില്ലയിലുള്ള ശാഖകൾ സീൽ ചെയ്യൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ, സ്വത്തുവകകൾ താൽക്കാലികമായി കണ്ടുകെട്ടൽ, വിൽപ്പനയും കൈമാറ്റവും മരവിപ്പിക്കൽ, അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കൽ തുടങ്ങിയ നടപടികളാണ് കേന്ദ്ര ബഡ്സ് (ബാനിംഗ് ഓഫ് അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട് 2019) നിയമത്തിലെ 7(3) വകുപ്പ് പ്രകാരം ജില്ലാ കളക്ടർ കൈക്കൊണ്ടിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി, റീജിയണൽ ട്രാ൯സ്പോർട് ഓഫീസർ, ഫോർട്ടുകൊച്ചി സബ് കളക്ടർ, മൂവാറ്റുപുഴ ആർ.ഡി.ഒ, തഹസിൽദാർമാർ, ജില്ലാ രജിസ്ട്രാർ, ലീഡ് ബാങ്ക് മാനേജർ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ, കെ.എഫ്.സി ജില്ലാ മാനേജർ, കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് ജനറൽ മാനേജർ, കേരള ബാങ്ക് തുടങ്ങിയവരാണ് കളക്ടറുടെ ഉത്തരവ് നടപ്പാക്കേണ്ടത്.