മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ എറണാകുളം ജില്ലാ പഞ്ചായത്തിന് വഴിയൊരുക്കിയത് ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. വികസനം സാമൂഹ്യനീതിക്കും സുരക്ഷയ്ക്കും എന്ന ഭരണസമിതിയുടെ ആപ്തവാക്യത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂതന ആശയങ്ങളുള്ളതും മാതൃകാപരവുമായ 11 പദ്ധതികള്‍ 2021-22ല്‍ ഏറ്റെടുത്ത് ഫലപ്രദമായി നടപ്പാക്കി. പെണ്‍കുട്ടികള്‍ക്കായുള്ള ഷീ ജിം, കുട്ടികള്‍ സ്വന്തം ചിത്രങ്ങള്‍ സ്‌കൂള്‍ ചുവരുകളില്‍ വരച്ച വര്‍ണ്ണവസന്തം, അറിയപ്പെടാത്ത നൂറ് ഗ്രാമീണ വനിതകളുടെ കവിതകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച പിങ്ക് പെന്‍ എന്നിവയാണ് അവയില്‍ ചിലത്.

ബജറ്റില്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങളെല്ലാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനാല്‍ ആസൂത്രണ പ്രക്രിയ കാര്യക്ഷമമായി നടത്തുവാന്‍ കഴിഞ്ഞു. വികസന ഫണ്ടിനത്തില്‍ ആകെ 89.46% ചെലവഴിച്ചുകൊണ്ട് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. ആകെ 45,09,09,000 രൂപ ബജറ്റില്‍ അനുവദിച്ചതില്‍ 41,81,46,243 രൂപ ചെലവഴിച്ചു. പട്ടികജാതി ഫണ്ടിന്റെ ചെലവ് 80.74% വും പട്ടികവര്‍ഗ വിഭാഗത്തിനുളള ചെലവ് 96.02% വും ആണ്. പദ്ധതി നടത്തിപ്പിലെ നിരവധി വെല്ലുവിളികളെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയും സബ് കമ്മിറ്റികളുടേയും നിരന്തരമായ ഇടപെടലുകള്‍ വഴിയാണ് അതിജീവിച്ചത്.

വൃക്കരോഗികള്‍ക്ക് ഡയാലിസിസിന് സഹായം നല്‍കുന്ന കാരുണ്യ സ്പര്‍ശം പദ്ധതി വഴി അറുന്നൂറോളം പേര്‍ക്ക് സഹായം ലഭിച്ചു. പ്രതിമാസം നാലായിരം രൂപ നിരക്കില്‍ ഒരു വര്‍ഷം 48,000/ രൂപയാണ് ഒരാള്‍ക്ക് ലഭിച്ചത്. ചലനശേഷിയില്ലാത്ത 93 പേര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ നല്‍കി. ഹീമോഫീലിയ രോഗത്തിന് പ്രത്യേക ചികിത്സ നല്‍കുന്ന ഏക ആശുപത്രിയായ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി 62 ലക്ഷം രൂപ ചെലവഴിച്ചു. ലൈഫ് ഭവന പദ്ധതിക്കായി ഗണ്യമായ തുകയും ചെലവഴിച്ചു.

വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നതിനുമുളള പദ്ധതികള്‍ ഏറ്റെടുത്തു. ഹോം മെയ്ഡ് ചോക്ലേറ്റ് നിര്‍മ്മാണം, അപ്പാരല്‍ പാര്‍ക്ക്, സ്മാര്‍ട്ട് അയണിംഗ് യൂണിറ്റ് മുതലായവ മേഖലയില്‍ നടപ്പാക്കി.

തൊഴില്‍ രഹിതരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ നല്‍കുന്ന ഇ-ഓട്ടോ പദ്ധതി വഴി 6 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ആകെ ആറ് ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രത്യക്ഷ പ്രയോജനം ലഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ വഴി നടപ്പാക്കിയ ക്ഷീരസാഗരം പദ്ധതിക്ക് കീഴില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പത്ത് പശുക്കളെ വീതം നല്‍കി. ജനറല്‍ വിഭാഗത്തില്‍ 74 ഗ്രൂപ്പുകള്‍ക്കും പട്ടികജാതി വിഭാഗത്തില്‍ അഞ്ച് ഗ്രൂപ്പുകള്‍ക്കും പ്രയോജനം ലഭിച്ചു. ആകെ 1,84,37,500/ രൂപ ചെലവഴിച്ച പദ്ധതിയില്‍ 790 പശുക്കളെ നല്‍കി. ഇതുവഴി പ്രതിദിനം 12500 ലിറ്റര്‍ പാല്‍ കൂടുതലായി ഉല്‍പാദിപ്പിച്ചു. 395 വനിതകള്‍ക്ക് സ്വയംതൊഴില്‍ ലഭിച്ചു. 395 കുടുംബങ്ങളുടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു.
പാലിന് സബ്‌സിഡിക്കായും ക്ഷീര സഹകരണസംഘങ്ങള്‍ക്ക് റിവോള്‍വിങ്ങ് ഫണ്ട് എന്ന നിലയിലും അഞ്ച് കോടി രൂപ ചെലവഴിച്ചു.

തൊഴില്‍ദായക പരിപാടികളുടെ ഭാഗമായി കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കി. ഐരാപുരം ഖാദി നിര്‍മ്മാണ കേന്ദ്രത്തിന്റെ സൗകര്യ വര്‍ധനവിന് 25 ലക്ഷം രൂപ ചെലവഴിച്ചു. 12 പുതിയ തറികളും ഒരു റാപ്പിംഗ് മെഷീനും പുതുതായി സ്ഥാപിച്ചു. ഇതുവഴി പട്ടികജാതി വിഭാഗത്തില്‍ പെട്ട 30 ആളുകള്‍ക്ക് ജോലി ലഭ്യമായി. കൂട് മത്സ്യകൃഷി, ആധുനിക കോഫി കിയോസ്‌കുകള്‍ എന്നിവയും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കി.

പ്രകൃതി സംരക്ഷണ പരിപാടികളിലും ശ്രദ്ധ പതിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള ആലുവ ഫാം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി പ്രഖ്യാപിക്കപ്പെട്ടത് ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ഫാമില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുകയും ജൈവകൃഷി പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളും നടപ്പാക്കി. നേര്യമംഗലം ഫാമില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു.

പ്രകൃതി സംരക്ഷണത്തിനും കാര്‍ഷിക പ്രോത്സാഹനത്തിനുമായി മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണിയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്തീയമായി സംസ്‌കരിച്ച് വളമാക്കി ബയോസ്റ്റാര്‍ എന്ന പേരില്‍ വിപണിയിലിറക്കി. 27 ലക്ഷം രൂപ പദ്ധതിയില്‍ ചെലവഴിച്ചു.

തരിശ് നെല്‍കൃഷി, നെല്‍കൃഷി വികസനം, തുടങ്ങിയ പദ്ധതികളിലൂടെ നെല്ലുല്‍പാദനം വര്‍ദ്ധിപ്പിച്ചു. നെല്‍കൃഷി പ്രോത്സാഹനത്തിനായി 1,80,42,402/ രൂപ ചെലവഴിച്ചു. കേരഗ്രാമം പദ്ധതി വഴി തമിഴ്‌നാട്ടില്‍ നിന്നും മേല്‍ത്തരം തേങ്ങവിത്തുകള്‍ സംഭരിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ പാകി മുളപ്പിച്ച് നാലെണ്ണം വീതം ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും വിതരണം ചെയ്യുന്നു. പത്ത് കിലോ വീതം ജൈവവളവും നല്‍കുന്നു.

കായിക വികസനത്തിനായി പാലക്കുഴ ജിഎംഎച്ച്എസ്എസില്‍ 35 ലക്ഷം രൂപ ചെലവഴിച്ച് ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ട് സ്ഥാപിച്ചു. വാഴക്കുളത്ത് വോളിബോള്‍ കോര്‍ട്ട് നിര്‍മ്മാണം, പട്ടികവര്‍ഗ ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്ട്‌സ് കിറ്റ് പദ്ധതികളും നടപ്പാക്കി.

ജില്ലാ പഞ്ചായത്തിന് വിട്ടു കിട്ടിയ നാല് കൃഷിഫാമുകളുടെ വികസനത്തിനും വലിയ പ്രാധാന്യം നല്‍കി. പച്ചക്കറിതൈകളുടെ ഉല്‍പാദനം, ഫലവൃക്ഷത്തൈകളുടെ ഉല്‍പാദനം, ഇന്റഗ്രേറ്റഡ് ഫാമിങ്ങ് സിസ്റ്റം, മഴമറ, തുടങ്ങിയ പദ്ധതികളിലൂടെ ജില്ലാ കൃഷിത്തോട്ടങ്ങളുടെ ഉല്‍പാദനം വരുമാനവും വര്‍ദ്ധിപ്പിച്ചു. നാല് ഫാമുകള്‍ക്കായി 19042529/ രൂപ ചെലവഴിച്ചു.

ആരോഗ്യ രംഗത്ത് ആലുവ ജില്ലാ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നീ സ്ഥാപനങ്ങളില്‍ മികച്ച ചികിത്സ ലഭ്യമാക്കി. എല്ലാ ആശുപത്രികളിലും മരുന്ന് ലഭ്യമാക്കുന്നതിന് 30,000,185/ രൂപ ചെലവഴിച്ചു. ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി.

കോവിഡ് മഹാമാരിയുടെ സമയത്ത് എറണാകുളം ജില്ലാ പഞ്ചായത്ത് ജില്ലയിലെ 13 കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 268 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കി. 41,92,622/ രൂപ പദ്ധതിയില്‍ ചെലവഴിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരുന്ന് വാങ്ങാന്‍ ഏഴ് ലക്ഷം രൂപയും ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റിന് ഇലക്ട്രിഫിക്കേഷന്‍ പ്രവര്‍ത്തകള്‍ക്കായി 6,44,965/ രൂപയും ചെലവഴിച്ചു. ആലുവ ജില്ലാ ആശുപത്രിയില്‍ 49,99,672/ രൂപ ചെലവില്‍ ഐസിയു ബെഡ് സജ്ജമാക്കി. 25 വെന്റിലേറ്ററുകളും സ്ഥാപിച്ചു. ആരോഗ്യ മേഖലയില്‍ ആകെ 10,35,92,239/ രൂപ ചെലവഴിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം 54,07,259/ രൂപ ചെലവിട്ടു.

ജില്ലാ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിനു കീഴില്‍ പത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലായി കുട്ടികളിലെ വൈകല്യം നേരത്തേ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നു. ഈ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതി നടപ്പാക്കി. ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് എകദേശം 3 ലക്ഷം രൂപ വരെയുളള ഉപകരണങ്ങളും ഫര്‍ണിച്ചറും വാങ്ങി നല്‍കി. 6240 ഗുണഭോക്താക്കള്‍ ആണ് പദ്ധതിയില്‍ ഉളളത്.

ക്യാന്‍സര്‍ ബയോപ്‌സി പരിശോധനയ്ക്കുള്ള റീഏജന്റ് വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിക്കുന്നു. ക്യാന്‍സര്‍ വിമുക്ത കേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ക്യാന്‍സര്‍ രോഗബാധിതര്‍ക്കായി സൗജന്യ ടെസ്റ്റുകള്‍ ആരംഭിച്ചു. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നു വിതരണം പദ്ധതി സാന്ത്വന സ്പര്‍ശത്തില്‍ കിഡ്‌നി, കരള്‍ എന്നീ അവയവങ്ങള്‍ മാറ്റി വച്ച വ്യക്തികള്‍ക്ക് ആവശ്യമായ ആറ് ജീവന്‍രക്ഷാ മരുന്നുകള്‍ വിതരണം ചെയ്യുന്നു. 395 രോഗികളില്‍ ഒരാള്‍ക്ക് ഏകദേശം 5500/ രൂപ മുതല്‍ 6500/ രൂപ വരെ വിലയുളള മരുന്നുകള്‍ നല്‍കി.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 58 സ്‌കൂളുകളില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും 5,60,22,688/ രൂപയുടെ പദ്ധതികള്‍ നടപ്പാക്കി.

ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ട് വര്‍ധിപ്പിക്കുന്നതിനായി ഉല്‍പന്നങ്ങള്‍ ബ്രാന്റ് ചെയ്ത് വിപണനം ചെയ്യുക, വൈദ്യുതോര്‍ജം ലാഭിക്കുക, ഫാമുകളില്‍ നിന്നുളള വരുമാനം വര്‍ധിപ്പിക്കുക, ജൈവവളം വിപണനം ചെയ്യുക, കവിതകള്‍ സമാഹരിച്ച് പ്രസിദ്ധികരിച്ച് വിപണനം ചെയ്യുക, ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിച്ച് വാടക ഈടാക്കി നല്‍കുക എന്നീ പദ്ധതികള്‍ നടപ്പാക്കി.

ജില്ലാ പഞ്ചായത്ത് ഭരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് 38 ജനറല്‍ കമ്മിറ്റി യോഗങ്ങളും സ്റ്റാന്റിംഗ് കമ്മിറ്റികളുടെ 15 യോഗങ്ങളും സ്റ്റിയറിംഗ് കമ്മിറ്റിയുടെ 7 യോഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരുടെ 9 യോഗങ്ങളും ചേര്‍ന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ. ജോമി, റാണിക്കുട്ടി ജോര്‍ജ്, ആശ സനല്‍, അംഗങ്ങളായ ലിസി അലക്സ്, ഷാന്റി എബ്രഹാം, എല്‍സി ജോര്‍ജ്, എല്‍ദോ ടോം പോള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.