109 വർഷത്തെ പാരമ്പര്യമുള്ള മുവാറ്റുപുഴ മോഡൽ ഹയർ സെക്കന്ററി സ്കൂളിനെ ജില്ലയിലെ മികച്ച സ്കൂളായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി. മുവാറ്റുപുഴ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഫോക്കസ് സ്കൂൾ പദ്ധതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി എം.എൽ.എ. ഫണ്ട് ഉൾപ്പടെയുള്ള സർക്കാർ ഫണ്ടുകൾ വിനിയോഗിക്കും. മികച്ച അടിസ്ഥാന സൗകര്യമുള്ള സ്കൂളാണിത്. മികച്ച മൈതാനവുമുണ്ട്. കഴിഞ്ഞ 7 വർഷത്തിനിടെ 3000 കോടി രൂപയാണ് സ്കൂളുകൾ നിർമ്മിക്കാൻ നീക്കിവച്ചത്. 10.5 ലക്ഷം കുട്ടികൾ സർക്കാർ സ്കൂളുകളിൽ പഠിക്കുന്നു. അടുത്ത അധ്യയന വർഷം കൂടുതൽ വിദ്യാർഥികളെ 8, 9, 10 ക്ലാസുകളിൽ പ്രവേശിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

25 ൽ താഴെ വിദ്യാർഥികൾ പഠിക്കുന്ന സംസ്ഥാനത്തെ 40 സ്കൂളുകളിൽ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് സ്കൂൾ പദ്ധതി നടപ്പാക്കുന്നത്.

സ്കൂളിലെ നിലവിലെ അവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വിശദമായ പദ്ധതി രേഖ സമർപ്പിക്കാൻ പത്ത് അംഗ സമിതിയെ നിയോഗിച്ചു. കൂടാതെ പൂർവ വിദ്യാർഥികൾ, പൗര പ്രമുഖർ തുടങ്ങിയവരുടെ യോഗം വിളിക്കാനും മന്ത്രി നിർദേശിച്ചു. ചർച്ചയിൽ സ്കൂളിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

മാത്യു കുഴൽ നാടൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർമാൻ സിനി ബിജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ജോളി മണ്ണൂർ, ജാഫർ സാദിഖ്, അമൽ ബാബു, ആർ. രാഗേഷ്, നിസ അഷറഫ്, നജില ഷാജി, ഫൗസിയ അലി, അബ്ദുൾ സലാം, വി.വി. രാധാകൃഷ്ണൻ, ജോയ്സ് മേരി ആന്റണി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ സാബു, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയ രവി, സ്കൂൾ പ്രധാനാധ്യാപകൻ പി.ജി. ശ്യാമള വർണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.