കേരള പോലീസിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പോലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ മികച്ച പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ നടത്തിവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1328 വനിതകളെ പോലീസിലേക്ക് റിക്രൂട്ട് ചെയ്തു. ഈ സർക്കാരിന്റെ കാലയളവിൽ ഇതുവരെയായി 296 പേരെ എടുത്തുകഴിഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ്, പ്രത്യേക പോലീസ് ബറ്റാലിയൻ എന്നിവയെല്ലാം അനുവദിച്ച സർക്കാർ ആണിത്,’ കേരള പോലീസ് സംസ്ഥാനതല വനിതാസംഗമം ‘ഉയരെ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജോലിക്കിടയിൽ വനിതാ പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹാര നിർദേശങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തിലാണ് രണ്ടു ദിവസത്തെ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

കുറ്റാന്വേഷണം, നിയമ പരിപാലനം എന്നീ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി പോലീസിൽ വനിതകൾ മാറിക്കഴിഞ്ഞതായി മന്ത്രി പ്രശംസിച്ചു. സ്ത്രീകൾ പരാതികളുമായി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ അത് സഹാനുഭൂതിയോടെ പരിഗണിക്കുന്ന വനിതാ പോലീസ് പൊതുജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. കൃത്യമായ നിയമ പരിപാലനത്തിന് ഒപ്പം ലാളിത്യം, സൗമ്യത എന്നിവ സേനയുടെ മുഖമുദ്രയാക്കുന്നതിൽ വനിതകൾ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ, പൊലീസിലെ മറ്റ് മേഖലകളിലേക്ക് കൂടി വനിതകൾ പങ്കാളിത്തം വർധിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രതികളെ ഒറ്റയ്ക്ക് ചോദ്യം ചെയ്യൽ, ഇൻക്വസ്റ്റ് തയ്യാറാക്കൽ, കോടതി ഡ്യൂട്ടി, സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള സൈബർക്രൈം, ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ കൂടുതൽ വനിതാ പോലീസുകാർ എത്തേണ്ടതുണ്ട്. എങ്കിലേ പോലീസിലെ ലിംഗനീതി മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാൻ ആവുകയുള്ളൂ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 184 വനിതാ പോലീസുകാരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അധ്യക്ഷത വഹിച്ചു. വനിതാ പോലീസുകാർ ഡ്യൂട്ടിക്കിടയിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായാൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ചവെക്കാൻ സാധിക്കുമെന്ന് ഡിജിപി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ എ.ഡി.ജി.പി (ഹെഡ്ക്വാർട്ടേഴ്‌സ്) കെ പത്മകുമാർ, ഐ.ജി വിജിലൻസ് ഹർഷിത അട്ടല്ലൂരി, ഡി.ഐ.ജി ആർ നിശാന്തിനി എന്നിവർ സംസാരിച്ചു. പുതിയ സാങ്കേതികവിദ്യയെക്കുറിച്ച രാവിലത്തെ സെഷനിൽ എ.ഡി.ജി.പി മനോജ് എബ്രഹാം ക്ലാസ് നയിച്ചു. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന പരിപാടി വെള്ളിയാഴ്ച സമാപിക്കും.