കോഴിക്കോട്: പരപ്പന്‍പൊയില്‍ രാരോത്ത് ഗവ.ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും പണികഴിപ്പിച്ച അഞ്ചു ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു.ഏഴുമുതല്‍ പത്തുവരെയുള്ള ക്ലാസുകളാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നുമുതല്‍ ആറുവരെയുള്ള ക്ലാസ്സുകള്‍ നേരത്തെയുള്ള സ്ഥലത്തു തന്നെ പ്രവര്‍ത്തിക്കും. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ടതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സ്‌കൂളിന്റെ ഒരു ഭാഗം കാലവര്‍ഷത്തില്‍ തകര്‍ന്നു വീണിരുന്നു. കനത്തമഴ പെയ്ത ദിവസം സ്‌കൂള്‍ നേരത്തെ വിട്ടത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീഴുകയും പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയും ചെയ്തതോടെ ഷിഫ്റ്റ സമ്പ്രദായത്തിലായി രുന്നു ക്ലാസുകള്‍ പ്രവര്‍ത്തിച്ചു വന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈമൂന ഹംസ, എപി ഹുസ്സൈന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ഡി ഫിലിപ്പ്, എഇഒ എന്‍ പി അബ്ബാസ്, ബിപിഒ വി എം മെഹറലി, എ അരവിന്ദന്‍, വി ഡി അബ്ദുറഹിമാന്‍, പി ശ്രീനിവാസന്‍, കെ ഹേമലത, പികെ അബ്ദുസലീം, ടി നൂറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.