*ജില്ലാ വികസന സമിതി: അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ക്രമപ്പെടുത്താന്‍ അടിയന്തര നടപടി*


നഗരത്തില്‍ യാത്രക്കാര്‍ക്ക് അപകടമാകുന്ന രീതിയില്‍ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ക്രമപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിനകം കേബിളുകള്‍ ടാഗ് ചെയ്യും.

ജില്ലയിലെ നാല് ഡിവിഷനുകളിലും അപകടകരമായ കേബിളുകള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കി. അലക്ഷ്യമായി വിന്യസിച്ചിരിക്കുന്ന കേബിളുകള്‍ ക്രമപ്പെടുത്താന്‍ നേരത്തേ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ബിഎസ്എന്‍എല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, കൊച്ചി കോര്‍പ്പറേഷന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിലുള്ള അടിയന്തര നടപടി. കേബിളുകളും പൈപ്പ് ലൈനുകളും വലിക്കുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരസ്പര സഹകരണത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി അധ്യക്ഷയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദേശിച്ചു.

കാക്കനാട് ബസുകള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തുന്നതിന് പകരം ഒരു സ്ഥലത്ത് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നഗരസഭ, പോലീസ്, റവന്യൂ വകുപ്പുകള്‍ യോഗം ചേരും. സിവില്‍ സ്റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ജീവനക്കാരുടെ ഓഫീസ് സമയം പരിഗണിച്ച് വൈകിട്ടുള്ള സര്‍വീസ് 5.20 ലേക്ക് നീട്ടണമെന്ന് ജില്ലാ കളക്ടര്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കി. ചോറ്റാനിക്കര വഴി പിറവത്തേക്കുള്ള ബസിന്റെ ഷെഡ്യൂള്‍ തയാറായതായും ബസ് ലഭിക്കുന്ന മുറയ്ക്ക് സിവില്‍ സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

കുടിവെളള ക്ഷാമവുമായി ബന്ധപ്പെട്ട് ജില്ലയുടെ പല ഭാഗത്തുനിന്നും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ യോഗം ചേരും. കൂടാതെ ഓപ്പറേഷന്‍ പ്യുവര്‍ വാട്ടറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു. കുടിവെള്ള വിതരണത്തിനായി ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ വരള്‍ച്ചാ പ്രഖ്യാപനം നടത്തി ഫണ്ട് അനുവദിച്ചാലേ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിക്കാനാകൂ എന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയുടെ വിവിധ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വന്യമൃഗ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട
വിഷയം ആന്റണി ജോണ്‍ എംഎല്‍എ ഉന്നയിച്ചു. പ്ലാമുടി, വടക്കുംഭാഗം, വാവേലി പ്രദേശങ്ങളിലെ ചുള്ളിക്കൊമ്പനെ നിയന്ത്രിക്കുന്നതിന് സജ്ജീകരണങ്ങളൊരുക്കാനും പട്രോളിംഗ് ശക്തമാക്കാനും സൗരോര്‍ജ വേലികളുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാനും നടപടി സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും എം.എല്‍.എ നിര്‍ദേശിച്ചു. കഴിഞ്ഞ ആര്‍ടിഎ ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാട്ടര്‍ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും വിവിധ പദ്ധതികള്‍ക്ക് ദേശീയ പാത അതോറിറ്റി അനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം അഡ്വ.പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉന്നയിച്ചു. അനുമതി ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട് പ്രൊജക്ട് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. മണ്ണൂര്‍ ഭാഗത്തെ മണ്ണിടിച്ചില്‍ സംബന്ധിച്ച് ജില്ലാതല സമിതി മാര്‍ച്ച് 10 നകം യോഗം ചേരാന്‍ തീരുമാനിച്ചു. മുടിക്കല്‍, ആലുവ എന്നിവിടങ്ങളിലെ ട്രൈബല്‍ / എസ്.സി ഹോസ്റ്റലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. വിലങ്ങ് സ്‌കൂളിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ച പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വിലങ്ങ്, മലയിടം തുരുത്ത് സ്‌കൂളുകളുടെ നിര്‍മ്മാണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്ന എം.എല്‍.എയുടെ ആവശ്യം വിജിലന്‍സിനെ അറിയിക്കാന്‍ പോലീസിനോടാവശ്യപ്പെട്ടു. കിഴക്കമ്പലം പഞ്ചായത്തില്‍ ആറു മാസത്തോളം കാര്‍ഷിക വികസന സമിതി ചേരാത്തതുമായി ബന്ധപ്പെട്ട കൃഷി ഓഫീസറോട് വിശദീകരണം ചോദിക്കാന്‍ എം.എല്‍.എ നിര്‍ദേശിച്ചു.

കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ റവന്യൂ വകുപ്പിനോട് എം.എല്‍.എ. നിര്‍ദേശിച്ചു. മണ്ഡലത്തില്‍ പ്രളയവുമായി ബന്ധപ്പെട്ട് അവശഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരുടെ യോഗം വിളിക്കും. തൃപ്പൂണിത്തുറ മിനി ബൈപ്പാസിനായി 30 വര്‍ഷമായി ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് തീരുമാനമെടുക്കാനും എം.എല്‍.എ നിര്‍ദേശിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.