കോട്ടയം: ജില്ലയെ മാലിന്യമുക്തമാക്കാനുള്ള പരിപാടികൾ സാക്ഷരതായജ്ഞവും ജനകീയയാസൂത്രണവും പോലെ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.
‘വൃത്തിയുള്ള കേരളം-വലിച്ചെറിയൽ മുക്ത കേരളം’ കാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശിൽപശാല ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അവർ.

തദ്ദേശഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ അധ്യക്ഷനായിരുന്നു. നവകേരളം കർമപദ്ധതിയുടെ പ്രോഗ്രാം ഓഫീസർ പി. അജയകുമാർ പദ്ധതി വിശദീകരണം നടത്തി. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, ഹരിതകേരളം മിഷൻ സീനിയർ റിസോഴ്സ് പേഴ്സൺ ജെ. അജിത്കുമാർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ എന്നിവർ പ്രസംഗിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.

2025ൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്തമാക്കി മാലിന്യമുക്ത സംസ്ഥാനം ആയി പ്രഖ്യാപിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഗ്രാമ പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ വലിച്ചെറിയൽ മുക്ത കാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടത്തി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ 2025 ഏപ്രിലിൽ 25 നകം മാലിന്യ മുക്ത പ്രഖ്യാപനം നടത്തും. തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം, പായിപ്പാട്, മാടപ്പള്ളി, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, ആർപ്പൂക്കര, അയ്മനം, വാഴൂർ, നെടുങ്കുന്നം, കിടങ്ങൂർ, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, വെള്ളൂർ, വെച്ചൂർ, വെളിയന്നൂർ, കുമരകം, കുറവിലങ്ങാട്, പാമ്പാടി, ഭരണങ്ങാനം, എലിക്കുളം, ചെമ്പ്, തിരുവാർപ്പ്, മേലുകാവ്, കല്ലറ, ഉഴവൂർ പഞ്ചായത്തുകളും ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, വൈക്കം നഗരസഭകളുമാണ് കാമ്പയിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.