ഉജ്ജ്വല എന്ന പേരില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന്റെ വിവിധ മേഖലകളിലെ സ്ത്രീകള്‍ പുരുഷനെ പോലെ ആകാന്‍ ശ്രമിക്കാതെ ഒരു സ്ത്രീ ആയി തന്നെ നിന്നുകൊണ്ടും സ്ത്രീയുടെ ഗുണങ്ങളും ദോഷങ്ങളും ഉള്‍ക്കൊണ്ടും സമൂഹം തരുന്ന ഉത്തരവാദിത്വങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു. അത് മറ്റുള്ളവര്‍ അംഗീകരിക്കുകയും വേണം.

ആശുപത്രിയിലെ വനിതാ ജീവനക്കാരുടെ നേതൃത്വത്തില്‍ സെമിനാര്‍ പ്രദര്‍ശന മേള, ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റാറ്റിക്‌സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള ഫുഡ് കൗണ്ടര്‍, വനിതാ ശാക്തീകരണ സംരംഭകരുടെ സ്റ്റാള്‍, ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ജീവനക്കാരുടെ കലാപരിപാടികളും നടന്നു.

ആശുപത്രിയിലെ മാലിന്യസംസ്‌കരണ വിഭാഗത്തിലെ ജീവനക്കാരായ ജോളി, , സരോജം വനിത ജീവനക്കാരായ ഷേര്‍ളി, ദില്‍ഷി എന്നിവരെ ജില്ലാ കളക്ടര്‍ ആദരിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്കായി ജീവനക്കാര്‍ മുടി ദാനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ബിന്ദു ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ, ഡോ. സി. റാണി, ഡോ. അനു സി കൊച്ചുകുഞ്ഞ്, ഡോ. സ്വപ്ന ഭാസ്‌കര്‍, ഡോ. റോസ്മി, ഡോ. അനി, പ്രതിഭ, രാജമ്മ, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ സില്‍വി തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ മേഖലയിലും സ്ത്രീകള്‍ ഉയര്‍ന്ന് വരുന്നതിന്റെ പ്രതീകമായി ആയിരത്തോളം ബലൂണുകള്‍ പറത്തി.