ഊർജമെന്നത് ഒരു ഉപഭോക്താവിനും ഒഴിവാക്കാനാവാത്ത ഉത്പ്പന്നമാണെന്നും ഇന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇതിനായി ഉപഭോക്താക്കൾ കൂടുതൽ വില നൽകിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ജി.ആർ. അനിൽ. പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജം അനിവാര്യമാണെന്നും ഉപഭോക്താക്കൾക്ക് താങ്ങാവുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതുമായ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

            എൽ.പി.ജിയുടെ വില സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത നിലയിലാണ്. പെട്രോൾ, ഡീസൽ വിലയുടെ കാര്യവും വ്യത്യസ്തമല്ല. അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിനായി ഹരിത ഗതാഗത സംവിധാനത്തെപ്പറ്റി ആലോചിക്കുകയും അത് നടപ്പിലാക്കുന്നതിനായുള്ള പരിശ്രമങ്ങളുടെ പാതയിലുമാണ് കേരളത്തിൽ ഗതാഗത വകുപ്പ്.

            പെട്രോൾ, ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്താൽ സീറോ എമിഷനുള്ള ഇലക്ട്രിക് വാഹനങ്ങൾ ഉപഭോക്താവിന് വൃത്തിയുള്ള ഊർജം പ്രദാനം ചെയ്യുന്നു. എന്നാൽ ഈ വാഹനങ്ങളുടെ ഉയർന്ന വില ഉപഭോക്താക്കൾക്ക് താങ്ങാനാകുന്നതല്ല. ഇതിന് പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇ-വാഹനങ്ങൾക്ക് സബ്‌സിഡി, റിബേറ്റ് എന്നിവ നൽകി ഹരിത ഇന്ധന ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് ഊർജ ഉപഭോഗവും ഉപഭോക്തൃ ശാക്തികരണവും കേരളത്തിലെ സവിശേഷ സാഹചര്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ ജോ. ഡയറക്ടർ ദിനേശ് കുമാർ. എ.എൻ സെമിനാർ മോഡറേറ്ററായിരുന്നു.

            സർക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി ഒരു രാജ്യം ഒരു റേഷൻ കട എന്ന പദ്ധതി അടിസ്ഥാനമാക്കിയുള്ള പരസ്യചിത്രത്തിന്റെ പ്രകാശനം, സ്‌കൂളുകളിൽ ഉപഭോക്തൃ ബോധവത്കരണം നടത്തുന്നതിനുള്ള സഞ്ചരിക്കുന്ന പ്രദർശന സംവിധാനമായ ‘ദർപ്പണ’ത്തിന്റെ ഉദ്ഘാടനം, എല്ലാ റേഷൻ കടകളിലും പൗരാവകാശ രേഖ പ്രദർശിപ്പിക്കുന്നതിന്റെ ഉദ്ഘാടനം, ലീഗൽ മെട്രോളജി വകുപ്പിന്റെ 100 ദിന പരിപാടികളായ പൂർണ്ണത, ക്ഷമത II എന്നീ പരിശോധനാ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ്, ഓപ്പൺ ക്വിസ് എന്നിവയും ഇതോടൊപ്പം നടന്നു. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ഡി.ആർ.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പി.വി. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ജലജ പരസ്യ ചിത്രങ്ങളുടെ ഉദ്ഘാടനവും ‘എന്റെ റേഷൻ കട സെൽഫി’ മത്സര വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. പിന്നണി ഗായിക രാജലക്ഷ്മി, ലീഗൽ മെട്രോളജി കൺട്രോളർ ജോൺ വി. സാമൂവൽ എന്നിവർ സംസാരിച്ചു. റേഷനിംഗ് കൺട്രോളർ മനോജ് കുമാർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.