വയനാട്: മഹാപ്രളയം തകര്‍ത്ത റോഡ് പുനര്‍നിര്‍മ്മിക്കാന്‍ നാട് ഒന്നിക്കുന്നു. മാനന്തവാടി നഗരസഭയിലെ വരടിമൂല – ഒണ്ടയങ്ങാടി – വള്ളിയൂര്‍ക്കാവ് റോഡ് ഗതാഗതയോഗ്യമാക്കാനാണ് നഗരസഭയുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിരിക്കുന്നത്. ഡിവിഷന്‍ കൗണ്‍സിലര്‍ ഷീജ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടത്തിയ ആലോചന യോഗത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച തകര്‍ന്ന ഭാഗം മണ്ണിട്ട് നികത്തി താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആഗസ്ത് ഒന്‍പതിന് ഉണ്ടായ വെള്ളപൊക്കത്തില്‍ റോഡ് 200 മീറ്ററോളം ദൂരം ഇടിഞ്ഞ് താഴ്ന്നിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ താല്‍ക്കാലികമായി കവുങ്ങ് ഉപയോഗിച്ച് പാലം നിര്‍മ്മിച്ചിരുന്നു. എങ്കിലും പിന്നീടുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ അഞ്ഞൂറ് മീറ്ററോളം ദൂരം മണ്ണിടിയുകയും താല്‍ക്കാലിക പാലം തകരുകയും ചെയ്തു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. മാനന്തവാടി നഗരത്തില്‍ നിന്നും 40 രൂപ വാടകയ്ക്ക് ഓട്ടോറിക്ഷകള്‍ വന്ന സ്ഥലത്തേക്ക് ഇപ്പോള്‍ 160 രൂപ വാടക നല്‍കി വളഞ്ഞ് ചുറ്റിയാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെ നൂറു കണിക്കിന് കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡാണിത്. തകര്‍ന്ന റോഡ് പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടി വരും. ഭീമമായ സംഖ്യ നഗരസഭയ്ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ പ്രകൃതിദുരന്തനിവാരണ നിധിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
